ഇ- സ്റ്റാമ്പ് സംവിധാനം: സെർവർ തകരാറിൽ, ജനങ്ങൾക്ക് ദുരിതം

Friday 04 July 2025 12:13 AM IST

കോലഞ്ചേരി: മുദ്ര പത്രക്ഷാമത്തിന് പരിഹാരമായി സർക്കാർ നടപ്പിലാക്കിയ ഇസ്റ്റാമ്പ് സംവിധാനം സെർവർ തകരാറുമൂലം ജനങ്ങളെ വലയ്ക്കുന്നു. ഇന്നലെ പുത്തൻകുരിശ് മേഖലയിൽ മണിക്കൂറുകളോളം ക്യൂ നിന്നാണ് പലർക്കും മുദ്രപത്രം ലഭിച്ചത്. മൊബൈൽ ഫോൺ കൈവശമുണ്ടെങ്കിൽ മാത്രമേ ഇപ്പോൾ മുദ്രപത്രം ലഭിക്കുകയുള്ളൂ. രണ്ട് കക്ഷികളുടെയും മേൽവിലാസം, മുദ്രപത്രം വാങ്ങുന്നതിന്റെ ആവശ്യം എന്നിവ രേഖപ്പെടുത്തി, മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി. നൽകി ഓൺലൈനായി തുകയും അടച്ചാലാണ് മുദ്രപത്രം ലഭിക്കുന്നത്. വെണ്ടർമാരുടെ കമ്പ്യൂട്ടർ പരിജ്ഞാനത്തിലെ കുറവ് കൂടി ചേരുന്നതോടെ മുദ്രപത്രം ലഭിക്കുന്നതിനുള്ള കാലതാമസം കൂടും. ഒപ്പം ആവശ്യക്കാർക്ക് വലിയ സമയനഷ്ടവുമുണ്ടാകും. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ ഇ-സ്റ്റാമ്പിംഗ് വഴിയാണ് ലഭിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ഏപ്രിൽ മുതൽ എല്ലാ മുദ്രപത്രങ്ങൾക്കും സംവിധാനം നിർബന്ധമാക്കി. ഇതോടെ സെർവർ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു. ഇതോടെ തകരാറും പതിവായി.

ജനങ്ങൾ ദുരിതത്തിൽ രാവിലെ എത്തുന്നവർക്ക് മുദ്രപത്രം ലഭിക്കുന്നുണ്ടെങ്കിലും, വൈകുംതോറും സെർവർ തകരാർ വർദ്ധിക്കുന്നതിനാൽ പലർക്കും സേവനം ലഭിക്കാതെ വരുന്നു. ഇത് അത്യാവശ്യ കാര്യങ്ങളായ വാടക കരാർ, വസ്തു വിൽപന എഗ്രിമെന്റ്, സത്യവാങ്മൂലങ്ങൾ, നോട്ടറി ആവശ്യങ്ങൾ, ബാങ്ക് ലോൺ കരാറുകൾ എന്നിവയെല്ലാം തടസ്സപ്പെടുത്തുന്നു. വിദ്യാഭ്യാസ ലോൺ എടുക്കുന്ന സമയമായതിനാൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.