വനനിയമങ്ങളില്‍ കാലാനുസൃതമായ മാറ്റം അനിവാര്യം: മന്ത്രി എ കെ ശശീന്ദ്രന്‍

Thursday 03 July 2025 7:53 PM IST

പൊതുജനത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ വന നിയമങ്ങളിര്‍ കാലാനുസൃതമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കോട്ടയം സി എം എസ് കോളേജില്‍ വനമഹോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ നിന്നും അവര്‍ക്ക് ആദായം ലഭിക്കാത്ത സാഹചര്യം ഉണ്ട്. ഇതിന് മാറ്റം വരുത്തിയാണ് സര്‍ക്കാര്‍ ട്രീ ബാങ്ക് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഇതിലൂടെ ചന്ദനം ഉള്‍പ്പെടെയുള്ള വിലകൂടിയ മരങ്ങള്‍ നട്ട് വളര്‍ത്താനും അതില്‍ നിന്നും ആദായം എടുക്കാനുമുള്ള സൗകര്യം ഉണ്ട്. പദ്ധതിയില്‍ അംഗമാകുന്ന കര്‍ഷകര്‍ക്ക് ധനസഹായവും നല്‍കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

മനുഷ്യ വന്യജീവി സംഘര്‍ഷമാണ് മലയോര മേഖലയിലെ മറ്റൊരു പ്രധാന വിഷയം. വനനശീകരണത്തിലൂടെ സംഭവിക്കുന്ന കാലാവസ്ഥ വ്യതിയാനമാണ് മൃഗങ്ങളെ കാടിറക്കാന്‍ കാരണമാകുന്നത്. അതുകൊണ്ട് തന്നെ വനവത്കരണത്തിന്റെ പ്രാധാന്യം സാധാരണക്കാരില്‍ എത്തിക്കുന്നതില്‍ വനം വകുപ്പ് വനമഹോത്സവം പോലുള്ള പരിപാടികള്‍ക്ക് വര്‍ധിച്ച പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ പി പുകഴേന്തി അധ്യക്ഷത വഹിച്ചു. സി എസ് ഐ മധ്യകേരള മഹാഇടവക ഭദ്രാസനാധിപന്‍ ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, അഡി. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. എല്‍ ചന്ദ്രശേഖര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍, അഡി. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ജെ ജസ്റ്റിന്‍ മോഹന്‍, കെ എഫ് ഡി സി ചെയര്‍പേഴ്‌സണ്‍ ലതിക സുഭാഷ്, കോളേജ് പ്രിന്‍സിപ്പല്‍ അഞ്ജു ശോശന്‍ ജോര്‍ജ്, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നീതുലക്ഷ്മി എം, കോട്ടയം ഡി എഫ് ഒ പ്രഫുല്‍ അഗ്രവാള്‍, കോട്ടയം ഫീല്‍ഡ് ഡയറക്ടര്‍ പ്രമോദ് പി പി, തുടങ്ങിയവര്‍ സംസാരിച്ചു.