ക്യാമ്പസിനു പുറത്തെ സംഘർഷവും റാഗിംഗായി കാണണം: ഹൈക്കോടതി

Friday 04 July 2025 1:15 AM IST

കൊച്ചി: ക്യാമ്പസിന് പുറത്തെ വിദ്യാർത്ഥി സംഘർഷങ്ങളെയും റാഗിംഗായി പരിഗണിക്കാവുന്ന രീതിയിൽ കേരള റാഗിംഗ് നിരോധന നിയമത്തിൽ ഭേദഗതി വേണമെന്ന് ഹൈക്കോടതി. ക്യാമ്പസിനു വെളിയിലും റാഗിംഗ് നടക്കുന്നുണ്ട്. ഹോസ്റ്റലുകളെയും വിദ്യാലയങ്ങളെയും റാഗിംഗ് നിയമ പരിധിയിൽ കൊണ്ടുവരണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട പ്രത്യേക ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. നിയമത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൃത്യമായ നിർവചനം വേണമെന്ന ആവശ്യം പരിഗണിക്കണം.

നിയമ ഭേദഗതിയുടെ കരട് തയ്യാറായെന്ന് സർക്കാരിനായി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. കരടിൻമേലുള്ള നിർദ്ദേശങ്ങൾ ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ നിയമ സഹായ സെല്ലായ കെൽസയ്ക്കും യു.ജി.സിക്കും കോടതി നിർദേശം നൽകി. ജാമ്യമില്ലാ വകുപ്പുകളടക്കം ചേർത്ത് കർശന നിയമമാണ് തയ്യാറാകുന്നതെന്ന് സർക്കാർ ബോധിപ്പിച്ചു. പുതിയ നിയമത്തിൽ കലാലയത്തിന് കൃത്യമായ നിർവചനം വേണമെന്ന നിർദ്ദേശം കെൽസയുടെ അഭിഭാഷകയാണ് ഉന്നയിച്ചത്. കലാലയത്തിനു പുറത്ത് വിദ്യാർത്ഥികൾ തമ്മിലുണ്ടാകുന്ന സംഘർഷത്തിന് നിലവിൽ മറ്റ് നിയമങ്ങൾ പ്രകാരമാണ് കേസെടുക്കുന്നതെന്ന് സർക്കാർ വിശദീകരിച്ചു. കരട് ലഭിക്കുന്ന മുറയ്ക്ക് നിലപാട് അറിയിക്കാമെന്ന് യു.ജി.സി ബോധിപ്പിച്ചു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് റാഗിംഗ് നിരോധന നിയമ ഭേദഗതിക്കായി ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ചെയർമാനായി വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. കോട്ടയം ഗവ. നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ കട്ടിലിൽ കെട്ടിയിട്ട് കുത്തി പരിക്കേൽപ്പിച്ചതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെൽസ ഫയൽ ചെയ്ത ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.