സയൻസ് സിറ്റി നാടിന് സമർപ്പിച്ചു ശാസ്ത്രത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു : മുഖ്യമന്ത്രി
കോട്ടയം : പുതിയകാലത്ത് പലവിധ അന്ധകാരങ്ങളും പടർന്നു വ്യാപിക്കുമ്പോൾ ശാസ്ത്രത്തിന്റെ പ്രസക്തി വീണ്ടും വർദ്ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ കുറവിലങ്ങാട് കോഴായിൽ സ്ഥാപിച്ച സയൻസ് സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാത്തരം ഇരുട്ടുകളെയും അകറ്റാനുള്ള ആയുധമാണ് ശാസ്ത്രം. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തിരിച്ചു കൊണ്ടുവരാൻ ശ്രമം നടക്കുന്നു. ഇത്തരമൊരു ഘട്ടത്തിലാണ് ശാസ്ത്രത്തിനു പ്രസക്തിയേറുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്ത്, മന്ത്രി വി.എൻ. വാസവൻ എന്നിവർ മുഖ്യാതിഥികളായി. എം.പിമാരായ ജോസ് കെ. മാണി , ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ അഡ്വ. മോൻസ് ജോസഫ്, സി.കെ. ആശ, നാഷണൽ കൗൺസിൽ ഒഫ് സയൻസ് മ്യൂസിയം ഡയറക്ടർ ജനറൽ എ.ഡി. ചൗധരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ എന്നിവർ പ്രസംഗിച്ചു.