ജെ. വിനയൻ ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്‌സ്യൽ മാനേജർ

Friday 04 July 2025 12:41 AM IST

ചെന്നൈ : ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്‌സ്യൽ മാനേജരായി ജെ. വിനയനെ നിയമിച്ചു. ചങ്ങനാശേരി സ്വദേശിയാണ്. ഇന്ത്യൻ റെയിൽവേ ട്രാഫിക്ക് സർവീസിലെ 1994 ബാച്ച് ഉദ്യോഗസ്ഥനായ വിനയൻ സൗത്ത് സെൻട്രൽ റെയിൽവേയിൽ സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജറായിരുന്നു.

റെയിൽവേ യാത്രാ വിവരങ്ങൾ ഒന്നിച്ചറിയാവുന്ന റെയിൽ പാർട്ണർ ആപ്പ്, ജീവനക്കാർക്ക് റെയിൽവേയുമായുള്ള വ്യത്യസ്ത ഇടപാടുകൾക്കായുള്ള ദണ്ടോരാ ആപ്പ് തുടങ്ങിയവയ്‌ക്ക് രൂപം നൽകി.

തിരുവനന്തപുരം എൻജിനിയറിംഗ് കോളെജിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ബിരുദവും ഇൻഡോറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിൽ നിന്ന് പി.എച്ച്.ഡിയും നേടിയിട്ടുണ്ട്.

മികച്ച സേവനത്തിന് 2008-ൽ റെയിൽവേ മന്ത്രിയുടെ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പാലക്കാട്, തിരുവനന്തപുരം, മധുര, ചെന്നൈ, ലക്‌നൗ ഡിവിഷനുകളിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ചു. എത്തിക്‌സ് ആൻഡ് കറപ്ഷൻ-ആൻ ഇൻട്രൊഡക്ഷൻ എന്ന പുസ്തകത്തിന്റെ രചയിതാവാണ്.