പത്തനംതിട്ടയ്ക്ക് ഭീഷണി, നിലംപൊത്താറായ കെട്ടിടം

Friday 04 July 2025 12:05 AM IST

പത്തനംതിട്ട : തിരക്കേറിയ സെൻട്രൽ ജംഗ്ഷനിലെ ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ മൂന്ന് നില കെട്ടിടം ഉയർത്തുന്ന ഭീഷണി ചെറുതല്ല. അരനൂറ്റാണ്ടിലധികമായി നഗരത്തിന്റെ ഹൃദയഭാഗത്ത് തല ഉയർത്തി നിൽക്കുന്ന നഗരസഭാ കോംപ്ലക്സ് അൺ ഫിറ്റായിട്ടും അധികൃതർ മൗനത്തിലാണ്. കെട്ടിടം പൊളിച്ച് നീക്കാൻ നഗരസഭ കൗൺസിലിൽ തീരുമാനമെടുത്തെങ്കിലും ഒന്നുംനടപ്പായില്ല. മുമ്പ് കോടതികൾ, മുനിസിപ്പൽ ഓഫീസ്, സർക്കാർ സ്ഥാപനങ്ങൾ, കടമുറികൾ എന്നിവ ഇവിടെ പ്രവർത്തിച്ചിരുന്നു. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഗണിച്ച് മുകൾനിലയിലെ സ്ഥാപനങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് പ്രവർത്തനം മാറ്റി. എന്നാൽ താഴത്തെ നിലയിലെ വ്യാപാരശാലകൾ ഇപ്പോഴും പ്രവർത്തിക്കുന്നു. പന്ത്രണ്ട് കടകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഹോട്ടലുകളും ജൂവലറികളും പലചരക്ക് കടകളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. പൊളിഞ്ഞ് വീഴാറായ അവസ്ഥയിലാണ് നിലവിൽ കെട്ടിടം. ഇതിനടുത്താണ് മിനിസിവിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ദീർഘ ദൂര ബസുകളടക്കം സ്ഥിരമായി സഞ്ചരിക്കുന്ന ടി.കെ റോഡിന് സമീപമാണ് നിലംപൊത്താനൊരുങ്ങുന്ന അപകടപേടകമുള്ളത്.

സെൻട്രൽ സ്കീം പദ്ധതിയിൽ ഉൾപ്പെടുത്തി പത്തനംതിട്ട നഗരസഭയുടെ സെൻട്രൽ സ്കീം പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടം പണിയാൻ തീരുമാനിച്ചിരുന്നു. പുതിയ ക്ലോക്ക് ടവർ നിർമ്മിക്കാനായിരുന്നു പദ്ധതി. എന്നാൽ പിന്നീട് പദ്ധതി നടന്നില്ല. ഇതിനായി ഏകദേശം 20 കോടിയിലധികം രൂപ ചെലവഴിക്കേണ്ടിവരുമെന്നും കണ്ടെത്തിയിരുന്നു.

50 വർഷം പഴക്കമുള്ള മൂന്ന് നില കെട്ടിടം

നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിച്ച് മാറ്റാൻ കൗൺസിലിൽ തീരുമാനമായതാണ്. സെൻട്രൽ സ്കീം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവിടെയുള്ള വ്യാപാരികൾക്ക് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്.

അഡ്വ.ടി.സക്കീർ ഹുസൈൻ

(പത്തനംതിട്ട നഗരസഭ ചെയർമാൻ )

പൊളിച്ച് മാറ്റാൻ തീരുമാനമെടുത്തിരുന്നു . പക്ഷെ കാലാവധി അവസാനിക്കുന്നതിനാൽ അടുത്ത കൗൺസിൽ അധികാരത്തിൽ എത്തുമ്പോഴാകും പദ്ധതി നടപ്പാകുക.

ജാസിംകുട്ടി

(നഗരസഭ പ്രതിപക്ഷ നേതാവ്)