പുനലൂർ ട്രാൻ.ഡിപ്പോ കോൺഗ്രസ് ഉപരോധിച്ചു

Friday 04 July 2025 12:56 AM IST
പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം

പുനലൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങളിലും അധികൃതരുടെ വാഗ്ദാന ലംഘനത്തിലും പ്രതിഷേധിച്ച് കോൺഗ്രസ് ഡിപ്പോ ഉപരോധിച്ചു. കഴിഞ്ഞയാഴ്ച ബസ് അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിഷേധം. ഡിപ്പോയിലെ അശാസ്ത്രീയമായ ക്രമീകരണങ്ങളാണ് അപകടങ്ങൾക്ക് കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു.

ബസുകൾ പ്രവേശിക്കുന്ന ഭാഗത്തെ അപകടകരമായ ഇറക്കവും വളവും ഒഴിവാക്കാൻ കവാടങ്ങൾ മാറ്റണമെന്നും, അനധികൃത സ്വകാര്യ വാഹന പാർക്കിങ് നിർത്തണമെന്നും, ലൈസൻസില്ലാത്ത കാന്റീൻ നീക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെത്തുടർന്ന് മുനിസിപ്പൽ ആരോഗ്യ വിഭാഗം കാന്റീൻ പൂട്ടിച്ചു. ബസ് സ്റ്റേഷൻ വെട്ടിപ്പുഴയിലേക്ക് മാറ്റുന്ന പദ്ധതി ഉപേക്ഷിച്ചതിന്റെ കാരണം നഗരസഭയും എം.എൽ.എയും വ്യക്തമാക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി. വിജയകുമാർ ആവശ്യപ്പെട്ടു. വിവിധ കോൺഗ്രസ് നേതാക്കളും പ്രതിഷേധത്തിന് നേതൃത്വം നൽകി.