അമ്മേ, അമ്മേ.. ചങ്കുപൊട്ടി വിളിച്ച് നവമി

Friday 04 July 2025 12:37 AM IST

കോട്ടയം: ന്യൂറോളജി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന നവമിയോട് എന്താവശ്യത്തിനും വിളിക്കണമെന്ന് പറഞ്ഞ് ഫോണുമെടുത്താണ് ബിന്ദു ശൗചാലയത്തിലേയ്ക്ക് പോയത്. വൈകാതെ സ്ഥിതിഗതികൾ മാറി. കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിഞ്ഞു വീണന്നറിഞ്ഞപ്പോഴേയ്ക്കും നവമി പേടിച്ചലറി. അമ്മേയെന്ന് ഉറക്കെ വിളിച്ചു. ഫോണിൽ മാറി മാറി വിളിച്ചിട്ടും കിട്ടിയില്ല. ചുറ്റുമുള്ളവരോടൊക്കെ പരാതി പറഞ്ഞു. എല്ലാവരും എന്താണ് സംഭവിച്ചെന്നറിയാനുള്ള ഓട്ടത്തിലായിരുന്നു. ചാണ്ടി ഉമ്മൻ എം.എൽ.എയോടുൾപ്പെടെ നവമി തന്റെ ഗതികേട് കരഞ്ഞു പറഞ്ഞു. ഈ സമയമത്രയും ബിന്ദു ശ്വാസത്തിനായി പിടഞ്ഞ് മണ്ണിനടയിൽ മരണത്തോട് മല്ലിടുകയായിരുന്നു. നവമിയുടെ പിതാവ് വിശ്രുതനും, ബന്ധു ഗിരീഷിനും ഏറെ സമയം ഇടപെട്ടാണ് ബിന്ദുവിനെ കാണാനില്ലെന്ന് അധികൃതരെ ബോദ്ധ്യപ്പെടുത്താനായത്. മണിക്കൂറുകൾക്ക് ശേഷമാണ് അമ്മ മരിച്ചെന്ന സങ്കട വാർത്ത നവമി അറിയുന്നത്. അമ്മയുടെ സംസ്കാരവുമായി ബന്ധപ്പെട്ട് വൈകിട്ടോടെ ഡിസ്ചാർജായ നവമി ആബംലുൻസിലാണ് വീട്ടിലേയ്ക്ക് മടങ്ങിയത്. പിന്നാലെ മറ്റൊരു ആംബുലൻസിൽ ചേതനയറ്റ് ബിന്ദുവും വീട്ടിലേക്കുള്ള യാത്രയിലായിരുന്നു.