നിസാരവത്കരിക്കാൻ ശ്രമം,  കെണിയിൽ വീണ് മന്ത്രിമാർ 

Friday 04 July 2025 12:39 AM IST

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ ആദ്യാവസാനം നിഴലിച്ചത് ഉദ്യോഗസ്ഥതല ആശയക്കുഴപ്പവും കെടുകാര്യസ്ഥതയും. ഉപയോഗശൂന്യമായ കെട്ടിടമാണ് തകർന്നതെന്ന് പറഞ്ഞ് നിസാരവത്കരിക്കുകയാണ് അധികൃതർ ചെയ്തത്. അപകടവിവരമറിഞ്ഞ് മന്ത്രിമാരായ വി.എൻ.വാസവനും, വീണാജോർജും, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയും സംഭവസ്ഥലത്ത് എത്തിയെങ്കിലും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടില്ല.

ഒരു കുഴപ്പവുമില്ല എന്ന് വരുത്തിത്തീർത്ത് തങ്ങളുടെ മുഖം രക്ഷിക്കാനായിരുന്നു ശ്രമം. ഇവരുടെ വാക്കുകേട്ടാണ് മന്ത്രിമാർ മൂന്നുപേർ‌ക്ക് മാത്രമേ പരിക്കുള്ളൂവെന്ന് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എന്നാൽ, ബിന്ദുവിന്റെ മരണവിവരമറിഞ്ഞതോടെ ആദ്യനിലപാട് മാറ്റിപ്പറഞ്ഞ് മന്ത്രിമാർ രംഗത്തെത്തി.

ആദ്യകാലത്തു നിർമ്മിച്ച കെട്ടിടം അപകടനിലയിലായതിനാൽ അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് അധികൃതർ പറയുമ്പോഴും തകർന്ന ടോയ്ലെറ്റ് ഇന്നലെയും ഉപയോഗിച്ചിരുന്നുവെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞത്. അഞ്ച് ടോയ്ലെറ്രുകൾ അടങ്ങിയ മൂന്നുനില കെട്ടിടമാണിത്. പുതിയ കെട്ടിടത്തിലേക്ക് വാർഡുകളുടെ പ്രവർത്തനം ഈ മാസാവസാനം മാറ്റാനുള്ള നടപടികൾ നടക്കുമ്പോൾ ജീർണാവസ്ഥയിലായ കെട്ടിടത്തിൽ രോഗികളെ പ്രവേശിപ്പിച്ചതിന് അധികൃതർക്ക് ഉത്തരമില്ല.

വെള്ളം, വൈദ്യുതിയടക്കം ഇവിടെയുണ്ടായിരുന്നതിനാൽ ആളുകൾ പതിവായി ടോയ്ലെറ്റ് ഉപയോഗിച്ചിരുന്നു. പ്രവേശനം നിയന്ത്രിച്ചുള്ള അറിയിപ്പുകളും ഇവിടെയില്ല. ബിന്ദുവിന്റെ മരണവിവരം ഏറെനേരം മാദ്ധ്യമങ്ങളിൽ നിന്നു മറച്ചുപിടിക്കാനും ഉന്നത അധികൃതർ ശ്രമിച്ചു. ദുരന്തത്തെ തുടർന്ന് രോഗികളെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യാൻ നടത്തിയ ശ്രമവും വിവാദമായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കം യു.ഡിഎഫ് നേതാക്കളുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ഇത് നിറുത്തിവച്ചത്.