വനിതാ മാനേജരെ ബാങ്കിൽ കയറി വെട്ടി യുവാവിന്റെ ആത്മഹത്യാശ്രമം

Friday 04 July 2025 12:51 AM IST

കളമശേരി: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്താൽ മുൻ ഗോൾഡ്‌ അപ്രൈസർ ബാങ്കിൽ കയറി വനിതാ മാനേജരെ വെട്ടി. ഇന്നലെ രാത്രി 7.10ന് സഹപ്രവർത്തകരുടെ മുമ്പിലായിരുന്നു ആക്രമണം. പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച പ്രതി പരിക്കുകളോടെ ചികിത്സയിലാണ്. ഏലൂർ മഞ്ഞുമ്മൽ യൂണിയൻ ബാങ്ക് ശാഖയിലെ അസിസ്റ്റന്റ് മാനേജർ മാവേലിക്കര സ്വദേശി ആനന്ദഭവനിൽ ഇന്ദുകൃഷ്ണയ്‌ക്കാണ് ( 35 ) സാരമായി പരിക്കേറ്റത്. വലതുകൈയിലെ വിരലുകൾ അറ്റനിലയിലാണ്. കവിളിലും പുറത്തും പരിക്കുണ്ട്.

ആറു മാസം മുമ്പ് ജോലിയിൽ നിന്ന് ഒഴിവാക്കപ്പെട്ട കൊടുങ്ങല്ലൂർ പത്താഴപ്പറമ്പിൽ സെന്തിൽകുമാറാണ് ( 44 ) അതിക്രമിച്ച് കയറി ആക്രമിച്ചത്.

പൊടുന്നനെയുണ്ടായ ആക്രമണത്തിൽ പരിഭ്രാന്തരായ ഇന്ദുകൃഷ്ണയും വനിതാജീവനക്കാരും പ്രാണരക്ഷാർത്ഥം ഇറങ്ങിയോടി. മറ്റ് ജീവനക്കാർ നേരിടാൻ ശ്രമിക്കുന്നതിനിടെ ബാങ്കിലെ വിശ്രമമുറിയിൽ കയറി വാതിലടച്ച സെന്തിൽകുമാർ ഇരുകൈയിലെയും ഞരമ്പുകൾ മുറിക്കുകയും വയറ്റിൽ സ്വയം മുറിവേൽപ്പിക്കുകയും ചെയ്തു. ഏലൂർ പൊലീസെത്തി വാതിൽ ചവിട്ടി പൊളിച്ചാണ് പ്രതിയെ പുറത്തെടുത്തത്.

ഇന്ദുകൃഷ്ണയെ സമീപത്തുള്ള സ്വകാര്യആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. സെന്തിലിനെ പൊലീസ് മഞ്ഞുമ്മലിലെ ആശുപത്രിയിലേക്കും പിന്നീട് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സ്ഥിരമായി മദ്യപിച്ച് ജോലിക്ക് വരുന്ന ഇയാൾ ഇടക്കാലത്ത് മാസങ്ങളോളം ജോലിക്ക് ഹാജരായില്ല. തുടർന്നാണ് മറ്റൊരാളെ നിയമിച്ചത്. ഇതിനു കാരണം ഇന്ദുകൃഷ്ണയാണെന്ന വൈരാഗ്യത്തിലായിരുന്നു ആക്രമണം.