'ഉപയോഗിക്കുന്നത് വ്യാജനല്ല, വെളിച്ചെണ്ണ ഉപയോഗിക്കാതെ പാകം ചെയ്യുന്നത് രണ്ട് സാധനങ്ങള്‍'

Friday 04 July 2025 1:26 AM IST

കോട്ടയം: പത്തു വര്‍ഷത്തിനുള്ളില്‍ നിത്യോപയോഗ സാധന വില ഇരട്ടിയിലേറെ വര്‍ദ്ധിച്ചതിന് ആനുപാതികമായി ഹോട്ടല്‍ ഭക്ഷണവില വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പലതരത്തിലുള്ള പീഡനം സഹിച്ചാണ് മിക്ക ഹോട്ടലുകളും നടത്തുന്നത്. തട്ടുകടയിലെ വില വര്‍ദ്ധനവ് കാണുന്നില്ല. ഹോട്ടല്‍ ഉടമകളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും നേതാക്കള്‍ പറഞ്ഞു. പത്തുവര്‍ഷം മുന്‍പ് ഒരുകിലോ മൈദാമാവിന് 28 രൂപയായിരുന്നുവെങ്കില്‍ ഇന്ന് 48 ആയി. പാലിന് ലിറ്ററിന് 28 ആയി. വെളിച്ചെണ്ണ കിലോയ്ക്ക് 120ല്‍ നിന്ന് 430 ലെത്തി. തേങ്ങ വില 80 കടന്നു. ഉഴുന്ന് 60ല്‍ നിന്ന് 130 ആയി. ചിക്കന്‍ 160 വരെ ഉയര്‍ന്നു. എന്നിട്ടും മിക്ക ഹോട്ടലുകളും വില ഉയര്‍ത്തിയിട്ടില്ല. പത്തു വര്‍ഷം മുമ്പ് പത്തു രൂപയ്ക്ക് വിറ്റിരുന്ന പൊറോട്ടയ്ക്ക് 12 രൂപയേ ഈടാക്കുന്നുള്ളൂ. ഗ്യാസിന് 2022ല്‍ 950 രൂപയായിരുന്നത് ഇന്ന് 1800 രൂപയായി.


കൂടുതല്‍ ഉപയോഗിക്കുന്നത് വെളിച്ചെണ്ണ

വ്യാജവെളിച്ചെണ്ണയാണ് ഹോട്ടലുകള്‍ ഉപയോഗിക്കുന്നതെന്ന ആരോപണം ശരിയല്ല. മറ്റ് എണ്ണകള്‍ ഉപയോഗിക്കുന്നത് മീനും ഇറച്ചിയും വറക്കാന്‍ മാത്രമാണ്. ഊണിനൊപ്പമുള്ള എല്ലാ കറികള്‍ക്കും വെളിച്ചെണ്ണ ഉപയോഗിച്ചേ പറ്റൂ. അല്ലെങ്കില്‍ രുചി വ്യത്യാസം ഉണ്ടാകും . ഇടത്തരം ഹോട്ടലുകള്‍ക്ക് വരെ ദിവസം നാലു കിലോ വെളിച്ചെണ്ണ വേണ്ടി വരും. എണ്ണ ,തേങ്ങ വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ചമ്മന്തി വേണ്ടെന്നു വയ്ക്കാനാകില്ല. ചോദിക്കുന്നതനുസരിച്ച് കൊടുത്തില്ലെങ്കില്‍ വാക്കേറ്റമാകും.

''നിത്യോപയോഗസാധന വിലക്കയറ്റത്തിനനുസരിച്ച് ഹോട്ടല്‍ വിഭവങ്ങളുടെ വില സമീപ കാലത്തൊന്നും വര്‍ദ്ധിപ്പിച്ചിട്ടില്ല. വൈദ്യുതി, കുടിവെള്ളം സര്‍ക്കാരില്‍ നിന്ന് ഒരു സൗജന്യവും ലഭിക്കുന്നില്ല. ആരോഗ്യവകുപ്പ് പരിശോധനയും പിഴ ഈടാക്കലും തട്ടുകടകള്‍ക്കില്ല . ഗുണനിലവാരമുള്ള ആഹാരം നഷ്ടം സഹിച്ചും നല്‍കുന്ന ഹോട്ടല്‍ ഉടമകളെ കഴുത്തറപ്പന്‍ ബ്ലേഡുകാരെ പോലെ ചിത്രീകരിക്കുന്നത് ശരിയല്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അസോസിയേഷന്‍ ചെയ്യുന്നുണ്ട്.

ഷാഹുല്‍ ഹമീദ് (ഹോട്ടല്‍ അസോ. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം)