'എംഎൽഎ ആവാൻ പോലും അർഹതയില്ല, പിന്നല്ലേ മന്ത്രി'; വീണയ്‌ക്കെതിരെ പരസ്യവിമർശനവുമായി സിപിഎം നേതാക്കളും, നടപടിക്ക് പാർട്ടി

Friday 04 July 2025 11:02 AM IST

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്ന് ഒരാൾ മരിക്കാനിടയായ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സിപിഎമ്മുകാർക്കിടയിലും പ്രതിഷേധം. പാർട്ടി ലോക്കൽ,ഏരിയാ കമ്മിറ്റി അംഗങ്ങളും വീണയ്‌ക്കെതിരെ ഫേസ്ബുക്കിൽ പാേസ്റ്റിട്ടു.

'മന്ത്രിപോയിട്ട് എംഎൽഎ ആയിരിക്കാൻ പോലും അർഹതയില്ല. കൂടുതൽ പറയുന്നില്ല, പറയിപ്പിക്കരുത്' എന്നാണ് ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ പിജെ ഫേസ്ബുക്കിൽ കുറിച്ചത്. എസ്എഫ്ഐയുടെ മുൻ ജില്ലാപ്രസിഡന്റ് കൂടിയാണ് ജോൺസൺ. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് മന്ത്രി ആശുപത്രിയിൽ ചികിത്സ തേടിയതിനെയാണ് സിപിഎം ഇരവിപേരൂർ ഏരിയാ കമ്മിറ്റി അംഗം പരിഹസിച്ചത്.

'പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ക്ളാസ് പരീക്ഷ ഉള്ള ദിവസം വയറുവേദന എന്ന് കളവുപറഞ്ഞ് വീട്ടിൽ ഇരിക്കുമായിരുന്നു. ഒത്താൽ രക്ഷപ്പെട്ടു. ഇവിടെ ചോദ്യങ്ങളിൽ നിന്ന് എന്ന വ്യത്യാസം മാത്രം' എന്നായിരുന്നു പത്തനംതിട്ട സിഡബ്ല്യുസി മുൻചെയർമാൻ എൻ രാജീവിന്റെ പരിഹാസം.

അതേസമയം, പോസ്റ്റിട്ടവർക്കെതിരെ പാർട്ടി നടപടിക്കൊരുങ്ങുന്നു എന്നും റിപ്പോർട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് പരിശോധിക്കുമെന്നാണ് പാർട്ടി ജില്ലാകമ്മിറ്റി വ്യക്തമാക്കുന്നത്. സ്വന്തം മണ്ഡലമായ ആറന്മുളയിൽ പാർട്ടിക്കാരുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല വീണ ജോർജ്. നേരത്തേ പലതവണപാർട്ടി അംഗങ്ങൾ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. മണ്ഡലത്തിലെ പൊതുവായ കാര്യങ്ങൾ ധരിപ്പിക്കാൻ പാർട്ടിക്കാർക്കുപോലും കഴിയുന്നില്ല എന്നതായിരുന്നു പ്രധാന ആരോപണം.

ഫോൺവിളിച്ചാൽ മന്ത്രിയുടെ ഓഫീസിലെ ചിലർ എടുക്കുമെന്നും അവർക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടാലേ ഫോൺ മന്ത്രിക്ക് കൈമാറൂ എന്നുള്ള പരാതി ജില്ലയിലെ ഉന്നത നേതാക്കൾക്കുമുന്നിൽ വരെ എത്തിയെങ്കിലും കാര്യമായ ഒരു ഇടപെടലും ഉണ്ടായില്ലെന്നും പാർട്ടിപ്രവർത്തകാരായ ചിലർ പറയുന്നു. മന്ത്രിയുടെ ചില ബന്ധുക്കളുടെ ഇടപെടലുകളും പാർട്ടിയെ സാധാരണക്കാരിൽ നിന്ന് അകറ്റുന്നുണ്ട് എന്നാണ് അവരുടെ ആക്ഷേപം.