'ബിന്ദുവിന്റേത് മരണമല്ല, കൊലപാതകം, വീണാ ജോർജ് രാജിവയ്‌ക്കണം'; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

Friday 04 July 2025 11:57 AM IST

കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ കോൺഗ്രസ്. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയും സർക്കാരിനെതിരെയും അതിരൂക്ഷമായാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫും പ്രതികരിച്ചത്.

'വീണാ ജോർജ് ആ സ്ഥാനത്ത് തുടരാൻ യോഗ്യയല്ല. അവർ ആരോഗ്യ കേരളത്തെ വെന്റിലേറ്ററിലാക്കി. മന്ത്രിയുടെ ചില പിആർ പ്രൊപ്പഗാൻഡ മാത്രമാണുള്ളത്. കേരളത്തിലെ മുഴുവൻ മെഡിക്കൽ കോളേജുകളിലും സർക്കാർ ആശുപത്രികളിലും ഇത് തന്നെയാണ് സ്ഥിതി. മരുന്നില്ല, നൂലില്ല, പഞ്ഞി പോലുമില്ല. പാവപ്പെട്ടവർ സർക്കാർ ആശുപത്രിയിൽ പോകുമ്പോൾ പുറത്തേക്ക് മരുന്ന് എഴുതിക്കൊടുക്കുന്നത് എവിടുത്തെ ഏർപ്പാടാണ്. പിന്നെന്തിനാണ് സർക്കാർ ആശുപത്രി. ആരോഗ്യമന്ത്രി രാജിവച്ച് പുറത്തുപോകണം. മന്ത്രിമാർ ആരും ബിന്ദുവിന്റെ വീട്ടിൽ പോവുകയോ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയോ ചെയ്‌തിട്ടില്ല. ബിന്ദുവിന്റെ കുടുംബത്തിന് കുറഞ്ഞത് 25 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം. മകൾ നവമിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണം. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി കൊടുക്കണം' - വിഡി സതീശൻ പറഞ്ഞു.

'കോട്ടയം മെഡിക്കൽ കോളേജിൽ നടന്നത് കൊലപാതകം. ധാർമികമായും നിയമപരമായും ഇനി ആരോഗ്യമന്ത്രിക്ക് തുടരാനാകില്ല. രക്ഷാപ്രവർത്തനം രണ്ടേകാൽ മണിക്കൂർ വൈകി. മുഖ്യമന്ത്രി മെഡിക്കൽ കോളേജിൽ എത്തിയിട്ടും അപകടം നടന്ന സ്ഥലം സന്ദർശിക്കാൻ തയ്യാറായില്ല. സർക്കാരിനെ ന്യായീകരിക്കാനാണ് മന്ത്രിമാർ ശ്രമിച്ചത്. ബിന്ദുവിന്റെ മകൾക്ക് സർക്കാർ ജോലി നൽകണം. സംഭവത്തിൽ കളക്‌ടർ തലത്തിലുള്ള അന്വേഷണം പോര. ജുഡീഷ്യൽ അന്വേഷണം വേണം ' - സണ്ണി ജോസഫ് പറഞ്ഞു.