വന്ധ്യതയും ലൈംഗികശേഷിക്കുറവും?നിങ്ങളുപയോഗിക്കുന്ന പ്രഷർ കുക്കറുകൾ നാശം വിതയ്ക്കുമെന്ന് വിദഗ്ദർ

Friday 04 July 2025 2:16 PM IST

ലെഡ് ഉളളിൽച്ചെന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ മുംബയിൽ 50കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പലതരത്തിലുളള ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്. ഇയാളെ ചികിത്സിച്ച ഡോക്ടർ വിശാൽ ഗാബെലെ പങ്കുവച്ച ഇൻസ്​റ്റഗ്രാം വീഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. 50കാരന്റെ ആരോഗ്യസ്ഥിതി രൂക്ഷമാകാൻ കാരണം പ്രഷർ കുക്കറിൽ തയ്യാറാക്കിയ ഭക്ഷണം കഴിച്ചതുകൊണ്ടാണെന്നാണ് ഡോക്ടർ വെളിപ്പെടുത്തിയിരിക്കുന്നത്.

ഓർമക്കുറവ്, ക്ഷീണം, കാലുകളിലെ കടുത്ത വേദന എന്നീ പ്രശ്നങ്ങളോടെയാണ് അയാൾ ഡോക്ടറെ സമീപിച്ചത്. ശരീരത്തിൽ അമിത അളവിൽ ലെഡ് അടിഞ്ഞുകൂടുന്നതിലൂടെയാണ് ലെഡ് വിഷബാധയുണ്ടായിരിക്കുന്നത്. ഇത് ഗുരുതര ആരോഗ്രപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. ഈ പ്രശ്നങ്ങൾ കൂടുതൽ ബാധിക്കുന്നത് കുട്ടികളെയാണെന്നും ലെഡിന്റെ അടിഞ്ഞുകൂടൽ അനുസരിച്ച് മുതിർന്നവരുടെയും ആരോഗ്യാവസ്ഥ മോശമാക്കുമെന്നും ഡോക്ടർ പറയുന്നു.

ലെഡ് വിഷബാധ, തലച്ചോറിന്റെയും വൃക്കയുടെയും പ്രത്യുൽപ്പാദന ശേഷിയെയും പ്രതികൂലമായി ബാധിക്കും. 50കാരനെ എല്ലാവിധ പരിശോധനകൾക്കും വിധേയമാക്കി. പരിശോധനാഫലം സാധാരണനിലയിലായിരുന്നു. തുടർന്നാണ് അയാളുടെ ശരീരത്തിൽ 22 മൈക്രോഗ്രാം പെർ ഡെസിലി​റ്റർ ലെഡ് അടിഞ്ഞുക്കൂടിയിരിക്കുന്നുവെന്ന ഫലം പുറത്തുവന്നത്. എന്നാൽ ഇത്രയും ലെഡിന്റെ അംശം എങ്ങനെ ശരീരത്തിൽ വന്നുവെന്ന അന്വേഷിച്ചു. കഴിഞ്ഞ 20 വർഷമായി അയാൾ പ്രഷർ കുക്കറിൽ പാകം ചെയ്യുന്ന ഭക്ഷണമാണ് കഴിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു.

അതായത്, കാലപഴക്കമുളള അലൂമിനിയം കുക്കറുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ ദോഷം ചെയ്യുക. ഇത്തരത്തിലുളള പഴയതും കേടുപാടുകളും സംഭവിച്ച കുക്കറിൽ ഭക്ഷണം പാകം ചെയ്യുകയോ സൂക്ഷിച്ചുവയ്ക്കുകയോ ചെയ്യുമ്പോൾ, ലെഡും അലൂമിനിയം കണികകളും കൂടികലരുന്നു. ഇത് കലർന്ന ഭക്ഷണം നിരന്തരം കഴിക്കുമ്പോൾ തലച്ചോറിലെ പ്രവർത്തനങ്ങളെ ബാധിക്കും. ചേലെഷൻ തെറാപ്പിയിലൂടെ അയാളുടെ ഗുരുതരാവസ്ഥ ഭേദമാക്കാൻ കഴിഞ്ഞെന്നും ഡോക്ടർ വീഡിയോയിൽ പറഞ്ഞു.

ശരീരത്തിൽ ലെഡിന്റെ അംശമുണ്ടെങ്കിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ
1.തലവേദന
2. ക്ഷീണം
3. വിളർച്ച
4. ശ്രദ്ധയില്ലായ്മ
5. മലബന്ധം
6. കൈകാലുകളിലെ വേദന
7. ലൈംഗികശേഷിക്കുറവ്
8. വന്ധ്യത
9. വൃക്കരോഗങ്ങൾ