മുഖ്യമന്ത്രി ചികിത്സയ്‌ക്കായി വീണ്ടും അമേരിക്കയിലേക്ക്; മടക്കം ഒരാഴ്‌ചയ്‌ക്ക് ശേഷം

Friday 04 July 2025 2:20 PM IST

തിരുവനന്തപുരം: ചികിത്സയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴിയാണ് അദ്ദേഹം അമേരിക്കയിലേക്ക് പോവുക. ഒരാഴ്‌ചയോളം അവിടെ കഴിയുമെന്നാണ് റിപ്പോർട്ട്. നേരത്തേ അമേരിക്കയിൽ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടർപരിശോധനകൾക്കും ചികിത്സയ്‌ക്കുമായാണ് വീണ്ടും പോകുന്നത്. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നത്.

സംസ്ഥാനത്തെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഗുരുതര പ്രശ്‌നങ്ങൾ നടക്കുമ്പോഴാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്‌ക്കൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ നിരവധി പ്രശ്‌നങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് ഒരു സ്‌ത്രീ മരിച്ചത്. ഇതോടെ വിവാദം കത്തിപ്പടർന്നു. ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി പ്രതിഷേധം നടക്കുകയാണ്.