'ജീവന്റെ ഒരു തുള്ളിയെങ്കിലും ബാക്കിയുള്ളവരെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന നിശ്ചയദാർഢ്യം, അവരെ നന്ദിയോടെ ഓർത്തുപോകുന്നു'
കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി മുൻ ആരോഗ്യ ഡയറക്‌ടർ സരിത ശിവരാമൻ. മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ കാലത്തായിരുന്നു സരിത ആരോഗ്യ ഡയറക്‌ടറായിരുന്നത്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കേണ്ട നിരവധി സാഹചര്യങ്ങൾ ആരോഗ്യമേഖലയിൽ ഉണ്ടായപ്പോൾ കരുത്തും ആത്മവിശ്വാസവും പകർന്ന് കൂടെനിന്ന ജനപ്രതിനിധികളെ ഓർക്കുന്നു എന്നാണ് അവരുടെ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
'ജീവന്റെ ഒരു തുള്ളിയെങ്കിലും ബാക്കിയുള്ളവരെ മരണത്തിന് വിട്ടുകൊടുക്കാനാകില്ല എന്ന അവരുടെ നിശ്ചയദാർഢ്യം തന്ന ഊർജം ചെറുതൊന്നുമല്ല. പ്രളയത്തിലും ചുഴലിക്കാറ്റിലുമൊക്കെ ജീവൻ പണയം വച്ച് ഓടിനടന്ന ആരോഗ്യവകുപ്പ് പ്രവർത്തകരെ നയിച്ച ജനപ്രതിനിധികളും മന്ത്രിമാരും വല്ലാത്തൊരു കൂട്ടായ്‌മയായിരുന്നു. മന്ത്രിമാരുടെ സാന്നിദ്ധ്യം ഉണ്ടായിട്ടും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്ഷാപ്രവർത്തനം വൈകി എന്ന വാർത്ത കേട്ടപ്പോൾ ഭൂതകാലത്തിലേക്കൊന്ന് തിരിഞ്ഞുനോക്കിപ്പോയതാണ്' - സരിത ശിവരാമൻ കുറിച്ചു.
ഇന്നലെ രാവിലെ 10.50ഓടെയായിരുന്നു ബിന്ദുവിന്റെ മരണത്തിന് കാരണമായ അപകടമുണ്ടായത്. രക്ഷാപ്രവർത്തനം വൈകിയതിൽ വലിയ വിമർശനമാണ് ആരോഗ്യവകുപ്പിനും മന്ത്രി വീണാ ജോർജിനുമെതിരെ ഉയരുന്നത്. കെട്ടിടത്തിനുള്ളിൽ ആൾ കുടുങ്ങിയിട്ടുണ്ടാകുമെന്ന് ദൃക്സാക്ഷികൾ ആവർത്തിച്ച് പറഞ്ഞിട്ടും സ്ഥലത്തെത്തിയ മന്ത്രിമാരും ആശുപത്രി അധികൃതരും അംഗീകരിച്ചില്ല. മാദ്ധ്യമങ്ങളോടും മന്ത്രിമാർ ഇക്കാര്യം പറഞ്ഞിരുന്നു. പിന്നീട് രണ്ട് മണിക്കൂറോളം വൈകിയാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.