സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കി ഹൈക്കോടതി
Friday 04 July 2025 3:20 PM IST
ബംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരെ യുവാവ് നൽകിയ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് ആർ കൃഷ്‌ണ കുമാറിന്റെ സിംഗിൾ ബെഞ്ചാണ് കേസ് റദ്ദാക്കാൻ ഉത്തരവിട്ടത്. തെളിവ് ലഭിക്കാത്തതോടെ നേരത്തെ അന്വേഷണം കോടതി സ്റ്റേ ചെയ്‌ത കേസാണിത്.
2012ൽ ബംഗളൂരു വിമാനത്താവളത്തിന് സമീപമുള്ള താജ് ഹോട്ടലിൽ വച്ച് ലൈംഗിക പീഡനം നേരിട്ടെന്നാണ് യുവാവ് പരാതി നൽകിയിരുന്നത്. എന്നാൽ ഈ ഹോട്ടൽ ആരംഭിച്ചത് തന്നെ 2016ൽ ആണെന്ന് കണ്ടെത്തി. ഹോട്ടലിലെ നാലാം നിലയിൽ വച്ച് പീഡിപ്പിച്ചെന്ന പരാതി വിശ്വാസയോഗ്യമല്ല, എന്തുകൊണ്ടാണ് 12 വർഷങ്ങൾക്ക് ശേഷം പരാതിക്കാരൻ പരാതി നൽകിയതെന്നും ഇത്ര വൈകാനുള്ള കാരണത്തിന് വിശദീകരണം കിട്ടിയില്ല എന്ന് ഉത്തരവിട്ട കോടതി വ്യക്തമാക്കി. യുവാവിന്റെ പല വാദങ്ങളും വിശ്വാസയോഗ്യമല്ലെന്നും കോടതി അറിയിച്ചു.