'കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു, സർക്കാർ എന്നും ഒപ്പമുണ്ടാകും'; ബിന്ദുവിന് ആദരാഞ്ജലി അർപ്പിച്ച് മന്ത്രി

Friday 04 July 2025 4:44 PM IST

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ട ബിന്ദുവിന് ആദരാഞ്ജലി അർപ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സർക്കാർ എന്നും ഈ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും.

ഇന്നലെ രാവിലെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പത്ത് കുന്നേല്‍ ഡി ബിന്ദു (54) ആണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായ അനാസ്ഥയാണ് ബിന്ദു മരിക്കാന്‍ ഇടയാക്കിയത് എന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തുടനീളം പ്രതിഷേധം ഉയര്‍ന്നിരുന്നു. മന്ത്രി വീണാ ജോർജ് രാജിവയ്‌ക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.