കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ

Friday 04 July 2025 4:54 PM IST

കോട്ടയം: മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. അഞ്ചുലക്ഷം രൂപയാണ് ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചത്. ഈ തുക ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് നൽകുക. നേരത്തെ സർക്കാർ ബിന്ദുവിന്റെ സംസ്കാരത്തിനായി 50,000 രൂപ ധനസഹായം നൽകുമെന്ന് മന്ത്രി വി.എൻ വാസവൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം.

അതേസമയം, ബിന്ദുവിന്റെ സംസ്കാരച്ചടങ്ങുകൾ ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ നടന്നു. മകൻ നവനീതാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സംസ്കാരം. രാവിലെ പത്ത് മണിയോടെയാണ് ബിന്ദുവിന്റെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നത്. അന്ത്യാഞ്ജലിയർപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം നേതാക്കളും വൻ ജനാവലിയും ഇവിടെ എത്തിയിരുന്നു.

ബിന്ദുവിന്റെ മരണം അതിദാരുണമായിരുന്നുവെന്നാണ് പ്രാഥമിക പാേസ്റ്റുമോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതം കാരണമാണ് ബിന്ദു മരിച്ചതെന്നാണ് റിപ്പോർട്ടിലുളളത്. ഭാരമുള്ള വസ്തുക്കൾ ശരീരത്തിലേക്ക് വീണാണ് ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കോൺക്രീറ്റ് തൂണുകൾ വീണ് ബിന്ദുവിന്റെ തലയോട്ടി തകർന്നതായാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. ബിന്ദുവിന്റെ മുഖത്തും സാരമായ പരിക്കേറ്റിരുന്നു. വാരിയെല്ല് ഒടിഞ്ഞിരുന്നുവെന്നും റിപ്പോർട്ടിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ബിന്ദു കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ശ്വാസം മുട്ടിയാണ് മരിച്ചെന്ന വാദവും ഉയർന്നിരുന്നു. ഈ വാദങ്ങൾ തളളുന്ന രീതിയിലുളള റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നത്.