ഹാരി ബ്രൂക്കിനും ജെയ്മി സ്മിത്തിനും സെഞ്ച്വറി; തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു
എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ പതറിയ ശേഷം ഇംഗ്ലണ്ട് ശക്തമായി തിരിച്ചടിക്കുന്നു. ഹാരി ബ്രൂക്ക് (104*) ജെയ്മി സ്മിത്ത് (130*) എന്നിവര്‍ സെഞ്ച്വറി നേടി ബാറ്റിംഗ് തുടരുന്നതാണ് ഇംഗ്ലണ്ടിന് രക്ഷയായത്. ഒരു ഘട്ടത്തില്‍ 84ന് അഞ്ച് എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചെ അഭിമുഖീകരിച്ചതിന് ശേഷമാണ് ബ്രൂക് - സ്മിത്ത് സഖ്യത്തിന്റെ ചിറകിലേറി ഇംഗ്ലണ്ട് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
ഇരുവരും ചേര്‍ന്നുള്ള സഖ്യം ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് പിന്നിട്ട് മുന്നേറുകയാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റ് ശൈലിയിലാണ് വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്ത് ബാറ്റ് ചെയ്യുന്നത്. മറുവശത്ത് ഹാരി ബ്രൂക് കുറച്ചുകൂടി കരുതലോടെയാണ് ബാറ്റ് വീശുന്നത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 77ന് മൂന്ന് എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിന് മൂന്നാം ദിനം ഏഴ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ജോ റൂട്ട് (22), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.
രണ്ടാം ദിനം അവസാന സെഷനില്‍ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ സാക് ക്രൗളി (19), ബെന്‍ ഡക്കറ്റ് (0), ഒലി പോപ്പ് (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആകാശ് ദീപിന് രണ്ട് വിക്കറ്റുകള്‍ ലഭിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി (269) മികവില്‍ ഇന്ത്യ 587 റണ്‍സാണ് പടുത്തുയര്‍ത്തിയത്. രവീന്ദ്ര ജഡേജ (89), ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാള്‍ (87) എന്നിവര്‍ ഇന്ത്യക്കായി അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയിരുന്നു.