തീവില: കെെ പൊള്ളി ജനം

Saturday 05 July 2025 12:03 AM IST
തീവില: കെെ പൊള്ളി ജനം

തിളച്ച് വെളിച്ചെണ്ണ വിലയും

കോഴിക്കോട്: നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടിയതിനെ തുടർന്ന് ദുസഹമായി ജനജീവിതം. അരി, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങിയവക്കെല്ലാം വില വർദ്ധിച്ചിട്ടുണ്ട്. വിലക്കയറ്റം കാറ്ററിംഗ് ഉൾപ്പടെ ഭക്ഷ്യമേഖലയിലും പ്രതിസന്ധിക്കിടയാക്കി. മാസങ്ങൾക്ക് മുമ്പ് ഓർഡർ എടുത്ത സാധനങ്ങൾ നൽകാറാകുമ്പോൾ പുതിയ വില ഈടാക്കാനാകുന്നില്ലെന്ന് കാറ്ററിംഗ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. അഞ്ച് വർഷത്തിനിടെ പല തവണ വില വർദ്ധിച്ചു. തിളയ്ക്കുന്ന വെളിച്ചെണ്ണ വില താമസിയാതെ ലിറ്ററിന് 600 രൂപയിൽ എത്തിയേക്കുമെന്നാണ് സൂചന. നിലവിൽ 420 രൂപയാണ്. 2020ൽ 120 രൂപയായിരുന്നു. ഒരു മാസത്തിനിടെ ബിരിയാണി അരി വില 100ൽ നിന്ന് 140 രൂപയായി. സാധാരണ ഒരു രൂപയുടെ വർദ്ധനയാണുണ്ടാകുക. സൺ ഫ്ളവർ ഓയിലിന് ഉൾപ്പെടെ വില വർദ്ധിച്ചു. മിക്ക സാധനങ്ങൾക്കും 50 ശതമാനം വരെയാണ് വർദ്ധന. ചെറുപയർ വില ഏതാണ്ട് ഇരട്ടിയായി. ഏലത്തിന് നൂറ് ശതമാനം വർദ്ധിച്ചു. ഇതര സംസ്ഥാനങ്ങളിൽ അരിയും പലവ്യഞ്ജനവും ഉൾപ്പെടെയുള്ളവ പൂഴ്ത്തിവച്ച് കൃത്രിമ വിലക്കയറ്റമുണ്ടാക്കുന്ന കരിഞ്ചന്തക്കാരും സജീവമാണെന്നും സർക്കാർ ഇടപടെലില്ലാത്തതാണ് അനിയന്ത്രിതമായ വിലക്കയറ്റത്തിന് കാരണമെന്നും ആക്ഷേപമുണ്ട്.

സെക്രട്ടേറിയറ്റ് മാർച്ച് എട്ടിന്

കോഴിക്കോട്: പലവ്യഞ്ജനം, പച്ചക്കറി, തേങ്ങ, വെളിച്ചെണ്ണ, മത്സ്യം, മാംസം എന്നിവയുടെ വില കുത്തനെ കൂടുന്നതിൽ പ്രതിഷേധിച്ച് ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ എട്ടിന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. സെക്രട്ടേറിയറ്റിനു മുന്നിൽ രാവിലെ 10.30ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. നിശ്ചിത തുകയ്ക്ക് കച്ചവടം ഉറപ്പിച്ചാണ് ഓര്‍ഡര്‍ എടുക്കുന്നത്. എന്നാല്‍ ദിവസവും സാധനങ്ങള്‍ക്ക് വില ഉയരുന്നതിനാല്‍ പറഞ്ഞതിനാല്‍ കൂടുതല്‍ പണം ചെലവാകുന്നു. ഇതോടെ ഭീമമായ നഷ്ടമുണ്ടാകുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.ഷാഹുല്‍ ഹമീദ്, ജില്ലാ പ്രസിഡന്റ് പ്രേംചന്ദ് വള്ളില്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ സി.ജാഫര്‍ സാദിഖ്, ജില്ലാ ജനറല്‍ സെക്രട്ടറി പി.വി.എ. ഹിഫ്സു എന്നിവര്‍ പങ്കെടുത്തു.

വിലക്കയറ്റം

ഇനം..... 2020ൽ..... 2025ൽ കുറുവ..... 28.....43 ജയ.....30.....44 പച്ച അരി.....25.....38 കയമ.....80.....145 ചെറുപയർ.....80.....149 ഉഴുന്ന്.....90.....139 തുവര.....70.....160 കടല..... 45.....88 വെളിച്ചെണ്ണ.....120.....420 സൺഫ്ളവർ.....100..... 142 ഉണക്ക മുളക്.....120.....165 മല്ലി.....70.....119 കുരുമൂളക്.....450.....688 ഗ്രാമ്പൂ..... 600.....800 ജാതിക്ക..... 350.....460 ഏലം..... 1200.....2420 പഞ്ചസാര..... 25.....50 മൈദ..... 25.....38 ഗ്യാസ്.....1150.....1895 നാളികേരം.....22.....75 റവ..... 30.....45 ആട്ട..... 25.....37 ഉലുവ..... 50.....80 പുളി..... 80.....190 വെളുത്തുള്ളി..... 70.....139 തക്കാളി..... 15.....45 കിഴങ്ങ്..... 25.....40 ഇഞ്ചി..... 40.....70 ക്യാരറ്റ്..... 30.....75 ബീൻസ്..... 50.....160 വെണ്ടയ്ക്ക..... 30.....55 മുരിങ്ങക്കായ..... 40.....100 പച്ചമുളക്..... 50.....90 കപ്പ..... 15.....32 സവാള..... 20.....25 ചെറിയ ഉള്ളി.....40.....55