ഇന്ത്യ സഖ്യം: കോൺഗ്രസിനെ കുറ്റപ്പെടുത്തി സി.പി.ഐ

Saturday 05 July 2025 1:25 AM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് ലക്ഷ്യത്തിലെത്താൻ സാധിക്കാത്തതിന് കാരണം കോൺഗ്രസ് അടക്കമുള്ള പ്രധാന പാർട്ടികളുടെ കടുംപിടിത്തമാണെന്ന് സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യാനുള്ള കരട് രാഷ്ട്രീയ പ്രമേയം. ബി.ജെ.പി നേതൃത്വത്തിലുള്ള വർഗീയകക്ഷികൾക്കെതിരെ മതനിരപേക്ഷ ജനാധിപത്യ ബദൽ തുടരണമെന്നും പ്രമേയം നിർദ്ദേശിക്കുന്നു.

ഡൽഹിയിൽ നടന്ന മൂന്നു ദിവസത്തെ ദേശീയ കൗൺസിൽ യോഗം കരട് രാഷ്ട്രീയ പ്രമേയം അംഗീകരിച്ചു. തിരഞ്ഞെടുപ്പുകളിലെ സീറ്റ് നിർണയത്തിലടക്കം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രധാന പാർട്ടികളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് 'ഇന്ത്യ' സഖ്യത്തിന് തിരിച്ചടിയായെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.കരടിൻമേൽ വിശദമായ ചർച്ച നടന്നതായും ചില ഭേദഗതികൾ വരുത്തിയതായും ജനറൽ സെക്രട്ടറി ഡി. രാജ പത്രസമ്മേളനത്തിൽ പറഞ്ഞു. സെപ്തംബർ 21 മുതൽ 25 വരെ ചണ്ഡിഗഡിലാണ് പാർട്ടി കോൺഗ്രസ്.ജൂലായ് ഒമ്പതിന് വിവിധ തൊഴിലാളി സംഘടകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന് ദേശീയ കൗൺസിൽ പിന്തുണ പ്രഖ്യാപിച്ചു.

ബീഹാറിലെ വിവാദമായ വോട്ടർപട്ടിക പരിഷ്‌കരണം പിൻവലിക്കണമെന്നും,2024-ൽ തയ്യാറാക്കിയ വോട്ടർപട്ടിക പ്രകാരം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു.തിരിച്ചറിയലിനായി ജനന സർട്ടിഫിക്കറ്റ് മാത്രം ആധാരമാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിക്കെതിരെ നേരത്തെ ഇന്ത്യ സഖ്യവും രംഗത്തെത്തിയിരുന്നു.