മനുഷ്യ -വന്യജീവി സംഘർഷം; നിയമ നിർമ്മാണം നടത്തും: മുഖ്യമന്ത്രി
തിരുവനന്തപുരം: മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാനം നിയമ നിർമാണം നടത്തുമെന്നും,. ഇതിന്റെ കരട് ബിൽ നിയമ വകുപ്പിന്റെ പരിഗണനയിലാണെന്നും സംസ്ഥാനത്തെ എം.പിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം ഗസ്റ്റ് ഹൗസിലാണ് യോഗം ചേർന്നത്.
വയനാട് മേപ്പാടി,ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട്, കേന്ദ്ര സർക്കാരിന് സമർപ്പിച്ച നാശനഷ്ടക്കണക്ക് പ്രകാരം മേപ്പാടിക്ക് 2221.10 കോടിയും കോഴിക്കോട് ജില്ലയിലെ വിലങ്ങാടിന് 98.10 കോടിയും അനുവദിക്കുന്നതിന് ഒന്നിച്ച് നിലപാട് സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.ദേശീയ ദുരന്ത നിവാരണ നിയമത്തിൽ നിന്നും ഒഴിവാക്കിയ 'സെക്ഷൻ 13' പുനഃസ്ഥാപിക്കാൻ കൂട്ടായ ഇടപെടൽ വേണം. വന്യജീവി സംരക്ഷണ നിയമത്തിൽ
പ്രാദേശിക ആവശ്യങ്ങൾ കണക്കിലെടുത്ത് ലഘൂകരണത്തിന് സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്ന നിയമ ഭേദഗതി അടിയന്തരമായി വരുത്താനും നഷ്ടപരിഹാരത്തിനുള്ള കേന്ദ്ര വിഹിതം ലഭ്യമാക്കാനുമുള്ള ആവശ്യം ഉന്നയിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
തലശ്ശേരി മൈസൂർ, നിലമ്പൂർ നഞ്ചൻഗുഡ് റെയിൽ പദ്ധതി, കാഞ്ഞങ്ങാട് പാണത്തൂർ കണിയൂർ റെയിൽവേ ലൈൻ, അങ്കമാലി എരുമേലി ശബരി റെയിൽവേ ലൈൻ, സംസ്ഥാനത്ത് മൂന്നാമതും നാലാമതും റെയിൽവേ ലൈനുകൾ എന്നിവയും, കൊച്ചി മെട്രോ എസ്.എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ വരെ നീട്ടുന്നതിനുള്ള തുകയും അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തണമെന്നും മുഖ്യമന്ത്രി
പറഞ്ഞു.
സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടൽ കക്ഷി രാഷ്ട്രീയത്തിനതീതമായി നടത്തുമെന്ന് എം. പിമാർ മുഖ്യമന്ത്രിയെ അറിയിച്ചു.
കടൽ ഭിത്തി നിർമ്മാണത്തിനോടൊപ്പം തീരത്തെ മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായുള്ള വിവിധ പ്രൊപ്പോസൽ കേന്ദ്ര സർക്കാരിനു സമർപ്പിച്ചതിന്മേൽ നടപടി , സംസ്ഥാനത്തിന് ടൈഡ് ഓവർ വിഹിതത്തിൽ കൂടുതൽ ഭക്ഷ്യധാന്യങ്ങൾ അനുവദിക്കൽ തുടങ്ങിയവയിൽ സ്വീകരിക്കേണ്ട നടപടികൾ സംയുക്തമായി ഏകോപിപ്പിക്കുമെന്നും അറിയിച്ചു.
ധനകാര്യവിഷയങ്ങളിൽ എം.പിമാർ ഇടപെടും
കേന്ദ്രവുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ ധനകാര്യ വിഷയങ്ങളിൽ ഇടപെടൽ നടത്താൻ ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിൽ തീരുമാനം. ഗ്യാരണ്ടി റിഡംഷൻ ഫണ്ടിന്റെ പേരിൽ കടമെടുപ്പ് തുക വെട്ടിക്കുറച്ചത്, ഐ.ജി.എസ്.ടിയിൽ 965 കോടി രൂപ വെട്ടിക്കുറച്ചത്, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയർത്തൽ, കിഫ്ബി, പെൻഷൻ കമ്പനി വായ്പ കടപരിധിയിൽ നിന്നും ഒഴിവാക്കൽ, ജല ജീവൻ മിഷന്റെ സംസ്ഥാന വിഹിതത്തിനു തുല്യമായ തുക നിലവിലെ കടമെടുപ്പ് പരിധിക്കു ഉപരിയായി അനുവദിക്കൽ ഉൾപ്പടെയുള്ള കാര്യങ്ങളിലാണ് ഇടപെടൽ. സംസ്ഥാനത്തിന് ടൈഡ് ഓവർ വിഹിതത്തിൽ കൂടുതൽ ഭക്ഷ്യധാന്യങ്ങൾ അനുവദിക്കാൻ സ്വീകരിക്കേണ്ട നടപടികൾ സംയുക്തമായി ഏകോപിപ്പിക്കുമെന്ന് പാർലമെന്റംഗങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു.കാർഷിക ഉൽപ്പനങ്ങൾ ഇറക്കുമതി ചെയ്യാൻ അമേരിക്കയുമായി നടത്താൻ ഉദ്ദേശിക്കുന്ന കരാറിൽ സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കണമെന്നും യോഗം തീരുമാനിച്ചു.