പ്രതിഷേധ പത്രിക സമർപ്പണം

Saturday 05 July 2025 12:15 AM IST
കാസർകോട് എ ഇ ഒ അഗസ്റ്റിൻ ബർണാഡിന് കേരള സംസ്കൃതാദ്ധ്യാപക ഫെഡറേഷൻ പ്രതിഷേധ പത്രിക സമർപ്പിക്കുന്നു

കാസർകോട്: പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച് 6 മാസം കഴിഞ്ഞിട്ടും എൽ.പി, യു.പി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് തുക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കാസർകോട് എ.ഇ.ഒ അഗസ്റ്റിൻ ബർണാഡിന് കേരള സംസ്കൃത അദ്ധ്യാപക ഫെഡറേഷൻ പ്രതിഷേധ പത്രിക സമർപ്പിച്ചു. എച്ച്.എസ് വിഭാഗത്തിന്റെ തുക മാത്രമാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. സംസ്ഥാനമൊട്ടാകെ 12,070 കുട്ടികൾക്കാണ് തുക ലഭിക്കാനുള്ളത്. ഒരു വിദ്യാർത്ഥിക്ക് എൽ.പി വിഭാഗത്തിൽ 100 രൂപയും യു.പി വിഭാഗത്തിൽ 400 രൂപയുമാണ് ലഭിക്കേണ്ടത്. ഈ തുക ഉടൻ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് പ്രതിഷേധ പത്രിക സമർപ്പിച്ചത്. മുരളീധര ശർമ്മ, സി.പി അനുരൂപ്, കെ.വി മനോജ് കുമാർ, ഇ.എ ഹരികുമാർ, എം. രേണുക എന്നിവർ സംസാരിച്ചു