കേരള യൂണി. രജിസ്ട്രാറുടെ സസ്പെൻഷന് സ്റ്റേ ഇല്ല, ഭാരതാംബയെ കാവിക്കൊടിയേന്തിയ വനിത എന്നാണോ പറയുന്നതെന്ന് ഹൈക്കോടതി
കൊച്ചി: കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡുചെയ്ത വൈസ് ചാൻസലറുടെ നടപടി സ്റ്രേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു.
കഴിഞ്ഞ 26ന് ചാൻസലറായ ഗവർണർ സർവകലാശാല സെനറ്റ് ഹാളിൽ പങ്കെടുക്കുന്ന ചടങ്ങ് അവസാന നിമിഷം റദ്ദാക്കാൻ നിർദേശിച്ചതിന്റെ പേരിലാണ് രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്.
സ്റ്റേജിൽ മതചിഹ്നം കണ്ടതിനാലാണ് ചടങ്ങ് റദ്ദാക്കാൻ നിർദേശം നൽകിയതെന്ന് രജിസ്ട്രാർ വാദിച്ചു. ഹിന്ദുദേവതയുടെ ചിത്രം വച്ചിട്ടുണ്ടെന്നാണ് സെക്യൂരിറ്റി ഓഫീസർ അറിയിച്ചത്. നേരിൽ പരിശോധിച്ചെന്നും ബോധിപ്പിച്ചു.
എന്തു മതചിഹ്നമാണ് കണ്ടതെന്ന് ജസ്റ്റിസ് എൻ. നഗരേഷ് ചോദിച്ചു. കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രമാണെന്ന് അഭിഭാഷകൻ വിശദീകരിച്ചു. അത് ഹിന്ദുദേവതയാകുന്നതെങ്ങനെയെന്നും ഭാരതാംബയെ കൊടിയേന്തിയ സ്ത്രീയെന്നാണോ വിശേഷിപ്പിക്കുന്നതെന്നും കോടതി വാക്കാൽ ചോദിച്ചു. ദൗർഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും പരാമർശിച്ചു.
ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ആവശ്യം നിരസിച്ച ജസ്റ്റിസ് എൻ. നഗരേഷ് ഹർജി വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി.
വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം പൊലീസ് ചൂണ്ടിക്കാട്ടിയ സാഹചര്യംകൂടി കണക്കിലെടുത്തുവെന്ന് രജിസ്ട്രാർ വാദിച്ചു. തുടർന്നാണ് പി.ആർ.ഒ മുഖേന രാജ്ഭവനിലേക്ക് സന്ദേശമയച്ചത്. പൊലീസ് റിപ്പോർട്ട് തന്നിരുന്നോ എന്ന് കോടതി ആരാഞ്ഞു. പൊലീസിന് നിയന്ത്രിക്കാൻ പറ്റാത്തവിധം വലിയ സംഘർഷാവസ്ഥയായിരുന്നോ?
സർവകലാശാലയുടേയും പൊലീസിന്റേയും വിശദീകരണം കോടതി തേടി. സർവകലാശാലയ്ക്ക് രണ്ടുനിലപാട് എടുക്കേണ്ടി വരുമല്ലോയെന്നും കോടതി പറഞ്ഞു.
രജിസ്ട്രാർ അറിയിപ്പ് നൽകിയെങ്കിലും അടിയന്തരാവസ്ഥാ വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുത്തിരുന്നു.
വി.സിക്ക് അധികാരമില്ലെന്ന്
രജിസ്ട്രാറുടെ വാദം
ഉന്നത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ വൈസ് ചാൻസലർക്ക് അധികാരമില്ലെന്നാണ് വാദം. സിൻഡിക്കേറ്റിനാണ് അധികാരം. കേരള സർവകലാശാല നിയമപ്രകാരം ഡെപ്യൂട്ടി രജിസ്ട്രാർക്ക് താഴെയുള്ള ജീവനക്കാർക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാൻ മാത്രമേ വി.സിക്ക് കഴിയൂ. നടപടിയെടുത്തശേഷം സിൻഡിക്കേറ്റിന്റെ അംഗീകാരം വാങ്ങിയാൽപ്പോരേയെന്ന് കോടതി ചോദിച്ചു.
'കീറിയെറിഞ്ഞ കഥകളി ചിത്രം'
കേരള യൂണി. രജിസ്ട്രാറുടെ ഹർജി പരിഗണിക്കവേ തന്റെ സുഹൃത്തിന് വർഷങ്ങൾക്ക് മുമ്പുണ്ടായ അനുഭവം ജസ്റ്റിസ് നഗരേഷ് പങ്കുവച്ചു. കമ്മ്യൂണിസ്റ്റുകാനും കാർപെന്ററുമായ സുഹൃത്ത് സൗദിയിൽ തൊഴിൽ തേടിയെത്തി. കൈവശം ഒരു കഥകളി ചിത്രമുണ്ടായിരുന്നു. തെറ്റിദ്ധരിച്ച സൗദി സുരക്ഷാഭടന്മാർ 'ബ്ലഡി ഹിന്ദു ഗോഡ്' എന്ന് പറഞ്ഞ് അത് കീറിയെറിയുകയായിരുന്നുവെന്ന് ജഡ്ജി പറഞ്ഞു.