എന്ന് പൂർത്തിയാകും പുതിയപാലത്തെ വലിയ പാലം ഇഴഞ്ഞിഴഞ്ഞ് നിർമാണ പ്രവൃത്തികൾ

Friday 04 July 2025 9:44 PM IST
മൂന്ന് വർഷമായിട്ടും എങ്ങുമെത്താതെ പുതിയപാലത്തെ വലിയ പാലത്തിന്റെ നിർമാണം

കോഴിക്കോട്: പുതിയപാലത്ത് വലിയപാലമെന്ന പ്രദേശവാസികളുടെ സ്വപ്നം ഇനിയും യാഥാർത്ഥ്യമായില്ല.

നിർമാണോദ്ഘാടനം നടത്തി വർഷം മൂന്നായെങ്കിലും ഇവിടുത്തെ പ്രവൃത്തികൾ നീണ്ട് പോവുകയാണ്.

കനോലി കനാലിന് കുറുകെ 195 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലത്തിന്റെ കോൺഗ്രീറ്റിംഗ്

പ്രവൃത്തികളാണ് ഇതുവരെ പൂർത്തിയായത്. ഡ്രെെനേജ് നിർമാണവും ആർച്ച് നിർമാണവുമെല്ലാം ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നതെന്ന് പ്രദേശത്തെ കച്ചവടക്കാരും പറയുന്നു. ഇരുചക്ര വാഹന യാത്ര പോലും ദുർഘടമായ പുതിയപാലത്ത് നിലവിലെ പാലത്തിനു പകരം വലിയ പാലം നിർമ്മിക്കാൻ 2022 ലാണ് അനുമതിയായത്. 2022 ജൂലായിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്ത സമയത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഒന്നരവർഷം കൊണ്ട് പാലം പണി പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. താത്കാലിക പാലമുണ്ടെങ്കിലും വാഹനങ്ങൾക്ക് കടന്നുപോകാനാകാത്തത് പ്രദേശവാസികൾക്കും ബുദ്ധിമുട്ടാണ്. കരാർ കമ്പനിയായ പി.എം.ആർ ഗ്രൂപ്പ് സഹകരാറുകാരെ ഏൽപ്പിച്ചതാണ് പ്രവൃത്തികൾ നീളാൻ കാരണമെന്നും ആരോപണമുണ്ട്.

വലിയ പാലം കാലങ്ങളായുള്ള ആവശ്യം

1947ലാണ് പുതിയപാലത്ത് ആദ്യമായി തടിപ്പാലം വന്നത്. പിന്നീട് 1982 ൽ കോൺക്രീറ്റ് പാലമാക്കിയെങ്കിലും രണ്ട് ബൈക്കുകൾക്ക് ഒരേ സമയം കടന്നു പോകാൻ സാധിക്കില്ലായിരുന്നു. അതിനിടയിൽ കാൽനടയാത്രക്കാരും വരുമ്പോൾ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന അവസ്ഥയായിരുന്നു. 2000 ത്തിന്റെ തുടക്കത്തോടെ പാലം പൊളിച്ചുപണിയണമെന്ന ആവശ്യമുയർന്നു. 2007 ൽ ആക്ഷൻ കൗൺസിലും രൂപീകരിച്ചു. ഭൂമി നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരമുൾപ്പെടെ പുതിയ പാലം നിർമ്മിക്കാൻ 40.98 കോടി രൂപയാണ് അനുവദിച്ചത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണ ചുമതല. പി.എം.ആർ ഗ്രൂപ്പാണ് കരാർ ഏറ്റെടുത്തത്. കനാലിനു കുറുകെ 195 മീറ്റർ നീളത്തിലാണ്‌ 
ആർച്ച്‌ മാതൃകയിലുള്ള പാലം പണിയുന്നത്. പുതിയ പാലം വരുന്നതോടെ റെയിൽവേ സ്‌റ്റേഷൻ, പാളയം, തളി, കല്ലായി എന്നിവിടങ്ങളിലേക്ക്‌ എളുപ്പത്തിലെത്താൻ സാധിക്കും.

''195 മീറ്റർ മാത്രം ദൂരമുള്ള പാലത്തിന്റെ നിർമാണത്തിനാണ് ഇത്രയും കാലതാമസമുണ്ടാകുന്നത്. കരാറുകാർ

കൃത്യസമയത്ത് ജോലി പൂർത്തിയാക്കുന്നുണ്ടോ എന്നുൾപ്പെടെ പരിശോധിക്കാനുള്ള സംവിധാനങ്ങളില്ലാത്തതാണ് പണി നീണ്ടുപോകുന്നതിന്റെ കാരണം.

ടി. റനീഷ്, വാർഡ് കൗൺസിലർ പുതിയറ