എൻട്രൻസ് റാങ്ക് നിർണയം: ഹർജിയിൽ വിശദീകരണം തേടി

Saturday 05 July 2025 1:47 AM IST

കൊച്ചി: എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയിക്കുന്നതിന് പുതിയതായി കൊണ്ടുവന്ന രീതിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. വിഷയത്തിൽ ജസ്റ്റിസ് എൻ. നഗരേഷ് സർക്കാരിന്റെ വിശദീകരണം തേടി.

സി.ബി.എസ്.ഇ സിലബസിൽ 12-ാം ക്ലാസ് പരീക്ഷ എഴുതിയ എറണാകുളത്തെ വിദ്യാർത്ഥിനിയാണ് കോടതിയെ സമീപിച്ചത്. സി.ബി.എസ്.ഇ സിലബസിൽ പരീക്ഷ എഴുതിയവർ റാങ്ക് പട്ടികയിൽ പിന്തള്ളപ്പെടുമെന്നാണ് ഹർജിയിലെ ആരോപണം. അവസാന നിമിഷം പുതിയ രീതി നടപ്പാക്കിയതിനാൽ ചോദ്യം ചെയ്യാനും കഴിഞ്ഞില്ല. പുതിയ രീതി നടപ്പാക്കിയതോടെ തന്റെ റാങ്ക് 4209 ആയെന്നും തന്റെ അതേ മാർക്ക് ലഭിച്ച വിദ്യാർത്ഥിക്ക് കഴിഞ്ഞ വർഷം ലഭിച്ചത് 1907-ാം റാങ്ക് ആയിരുന്നുവെന്നും ഹർജിയിൽ പറയുന്നു. പ്രവേശന പരീക്ഷയ്ക്കും 12-ാം ക്ലാസിലും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് നിർണയിക്കുന്നത്. സംസ്ഥാന, സി.ബി.എസ്.ഇ സിലബസുകൾ ഏകീകരിക്കുന്നതിനായി കൊണ്ടുവന്ന ഫോർമുലയാണ് പ്രശ്നമായതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.