ഇൻഫോപാർക്കിന് അഭിനന്ദനം
Saturday 05 July 2025 12:52 AM IST
കൊച്ചി: ചരക്ക് സേവന നികുതി (ജി.എസ്.ടി) അടയ്ക്കലിലെ മികവിന് ഇൻഫോപാർക്കിന് കേന്ദ്രധനമന്ത്രാലയത്തിന്റെ കീഴിലെ പ്രത്യക്ഷ നികുതി കസ്റ്റംസ് വകുപ്പിന്റെ അഭിനന്ദനം ലഭിച്ചു. തുടർച്ചയായ മൂന്നാം വർഷമാണ് പ്രശസ്തിപത്രം ലഭിക്കുന്നത്. ജി.എസ്.ടി നടപ്പാക്കിയതിന്റെ നാലാം വാർഷികത്തിൽ 2021 ലാണ് മികച്ച ട്രാക്ക് റെക്കാഡുള്ള നികുതിദായകർക്ക് അനുമോദനപത്രം നൽകാൻ തീരുമാനിച്ചത്. തുടർന്ന് എല്ലാ സാമ്പത്തികവർഷവും ഇൻഫോപാർക്കിന് ബഹുമതി ലഭിച്ചിട്ടുണ്ട്. ജി.എസ്.ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇൻഫോപാർക്ക് പുലർത്തുന്ന ശ്രദ്ധയുടെ ഫലമാണ് അനുമോദനപത്രമെന്ന് സി.ഇ.ഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. നികുതിദായകരുമായി നേരിട്ട് ആശയവിനിമയം നടത്താനും കൂടുതൽ പേർക്ക് പ്രചോദനം പകരാനുമാണ് ഉദ്യമം ആരംഭിച്ചതെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.