താളമേള ദൃശ്യ വിസ‌്മയ ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന് കൊടിയിറങ്ങി

Tuesday 17 September 2019 12:46 AM IST

ഓണാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടന്ന സാംസ്‌കാരിക ഘോഷയാത്രയിൽ കേന്ദ്ര സർക്കാർ വകുപ്പ് വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ ഐ.എസ്.ആർ.ഒയുടെ ഫ്‌ളോട്ട്

തിരുവനന്തപുരം: ഒരാഴ്ച നീണ്ടുനിന്ന ഓണം വാരാഘോഷത്തിന് താളമേള ദൃശ്യ വിസ‌്മയ ഘോഷയാത്രയോടെ കൊടിയിറക്കം. ഓണോത്സവത്തിന് സമാപനം കുറിച്ച് വൈകിട്ട് 5ന് വെള്ളയമ്പലം മാനവീയം വീഥിയിൽ നിന്നാരംഭിച്ച വർണശബളമായ ഘോഷയാത്ര ഗവർണർ മുഹമ്മദ് ആരിഫ് മുഹമ്മദ് ഫ്ളാഗ് ഓഫ് ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഘോഷയാത്രയ്ക്ക് കാഹളം മുഴക്കിക്കൊണ്ട് വാദ്യോപകരണമായ കൊമ്പ് കലാകരന്മാർക്ക് കൈമാറി. കേന്ദ്രസംസ്ഥാന സർക്കാർ,​ അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സഹകരണ മേഖലയിൽ നിന്നുള്ള സ്ഥാപനങ്ങൾ എന്നിവ ചേർന്നൊരുക്കിയ എൺപതോളം നിശ്ചലദൃശ്യങ്ങൾ അണിചേർന്ന ഘോഷയാത്രയിൽ കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന വൈവിദ്ധ്യമാർന്ന കലാരൂപങ്ങളും അണിനിരന്നു.

രാജസ്ഥാനിൽ നിന്നുള്ള പരമ്പരാഗത ചക്രി നൃത്തം, മണിപ്പൂരിൽ നിന്നുള്ള ലായിഹരൗബ,​ പഞ്ചാബിന്റെ ബംഗ്‌റ നൃത്തം, മഴദേവതയെ സ്തുതിച്ചുകൊണ്ടുള്ള തമിഴ് നൃത്തമായ കരഗം, കർണാടകയിലെ ഡോൽ കുനിത നൃത്തം, മദ്ധ്യപ്രദേശിലെ ബദായ്, ജമ്മു കാശ്മീരിലെ റൗഫ് നൃത്തം, ഗുജറാത്തിലെ റത്വ നൃത്തം, തെലങ്കാനയുടെ ലംബാഡി, ആന്ധ്രാപ്രദേശിന്റെ തപ്പാട്ട് ഗുലു നൃത്തം എന്നിവ കാഴ്ചക്കാർക്ക് നവ്യാനുഭവമായി.

യൂണിവേഴ്‌സിറ്റി കോളജിന് മുന്നിലെ വി.വി.ഐ.പി പവലിയനിൽ ഗവർണറുടെ ഭാര്യ രേഷ്‌മ ആരിഫ്,​ കേന്ദ്ര സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ,​ മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല,​ മന്ത്രിമാർ തുടങ്ങിയവരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസം മന്ത്രിമാരും വിശിഷ്ടാതിഥികളും ഘോഷയാത്ര വീക്ഷിച്ചു. ഇവർക്ക് മുന്നിൽ എട്ടോളം തെയ്യം കലാരൂപങ്ങളും അരങ്ങേറി. മേയർ വി.കെ.പ്രശാന്ത്,​ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ,​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,​ ടൂറിസം ഡയറക്ടർ പി.ബാലകിരൺ,​ സെക്രട്ടറി റാണി ജോർജ്,​ സി.ദി.വാകരൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.