മാങ്ങയിൽ കാർബൈഡ് ഉപയോഗം വ്യാപകം, ചേലുണ്ട്, രുചിയില്ല

Saturday 05 July 2025 12:22 AM IST

പ്രമാടം : നല്ല നിറവും മണവുമായി വിപണിയിൽ നിറഞ്ഞിരിക്കുന്ന മാമ്പഴങ്ങളിൽ ആരോഗ്യത്തിന് ഹാനികരമായ കാൽസ്യം കാർബൈഡ് എന്ന രാസവസ്തുവിന്റെ ഉപയോഗം വ്യാപകമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തൽ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന പാകമാകാത്ത മാങ്ങയാണ് കാർബൈഡ് വിതറി വേഗത്തിൽ പഴുപ്പിച്ചെടുക്കുന്നത്. കാർബൈഡ് പ്രയോഗത്തിൽ നല്ല മഞ്ഞനിറമാകുന്ന മാങ്ങ ആരെയും ആകർഷിക്കും. വിപണിയിൽ നിന്ന് വാങ്ങുന്ന മാമ്പഴങ്ങൾക്ക് വേണ്ടത്ര മധുരമില്ലെന്നും പുളിയാണെന്നുമുള്ള പരാതികളും വ്യാപകമാണ്. ഇത് കഴിച്ചവർക്ക് അടുത്തിടെ ഛർദ്ദിയും വയറിളക്കവുമൊക്കെ പിടിപെട്ടിരുന്നു. ഇതേതുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കാർബൈഡ് ഉപയോഗം കണ്ടെത്തിയത്.

അയൽനാട്ടിലെ പച്ചമാങ്ങ,

അതിർത്തി കടന്നാൽ മാമ്പഴം

പച്ചമാങ്ങ വേഗത്തിൽ നിറമുള്ളതാക്കി മാ​റ്റാനാണ് കാർബൈഡ് ഉപയോഗിക്കുന്നത്. മാങ്ങ അട്ടിയിട്ടശേഷം ഇതിന് താഴെയായി കാർബൈഡ് വിതറി അടച്ചുമൂടി കെട്ടിവച്ചാൽ ഒരുദിവസംകൊണ്ട് തൊലി മഞ്ഞനിറമുള്ളതായി മാറും. ഇത്തരം മാങ്ങയ്ക്ക് മധുരം കുറവായിരിക്കും. ഉൾഭാഗം പഴുത്തിട്ടുമുണ്ടാകില്ല. കാർബൈഡ് കലർത്തുമ്പോഴുണ്ടാകുന്ന അസ​റ്റലിൻ എന്ന വാതകത്തിന്റെ പ്രവർത്തനഫലമായാണ് മാങ്ങ വേഗത്തിൽ നിറംവയ്ക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മാങ്ങകൾ വാഹനത്തിൽ നിറച്ചശേഷമാണ് കാർബൈഡ് വിതറുക. വാഹനം കേരളത്തിൽ എത്തുമ്പോഴേക്കും പച്ചമാങ്ങ പഴുത്തിരിക്കും.

80 രൂപയുടെ കൊള്ളലാഭം

ഒരു കിലോ കാർബൈഡ് പൊടി 80 രൂപയ്ക്ക് ലഭിക്കുമെന്നതിനാൽ കച്ചവടം ലാഭകരമാകും.ഒരു കിലോ പൊടികൊണ്ട് ആയിരം കിലോ മാങ്ങ വരെ നിറമുള്ളതാക്കി മാറ്റാൻ കഴിയും. ഇത്തരം മാമ്പഴം വിപണിയിലെത്തിക്കുമ്പോൾ ചെറുകിട വില്പനക്കാരും കു​റ്റക്കാരാകും. കാർബൈഡിന്റെ ഉപയോഗം 1954 ലെ മായം ചേർക്കൽ നിരോധന നിയമപ്രകാരം കുറ്റകരമാണ്.

മാമ്പഴ വില - ഒന്നര കിലോയ്ക്ക് : 100 രൂപ.