അയൽവാസിയെ മർദ്ദിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
Saturday 05 July 2025 12:00 AM IST
പുനലൂർ: മുൻ വൈരാഗ്യത്തെ തുടർന്ന് പെട്രോൾ പമ്പിൽ വച്ച് അയൽവാസിയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. പുനലൂർ പ്ലാച്ചേരി മുറിയന്തല അഖിൽ ഭവനിൽ അഖിലാണ് (28) അറസ്റ്റിലായത്. കഴിഞ്ഞ 2ന് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമുള്ള പെട്രോൾ പമ്പിലാണ് സംഭവം. അയൽവാസിയായ സുരേഷ് ഇരുചക്രവാഹനത്തിൽ പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയപ്പോൾ അഖിൽ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. മൂന്ന് മാസം മുമ്പ് വീഡിയോ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട തർക്കവും മുൻ വൈരാഗ്യവുമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അഖിലിനെ റിമാൻഡ് ചെയ്തു.