സ്വർണവുമായി കടന്ന വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ

Saturday 05 July 2025 12:00 AM IST

കരുനാഗപ്പള്ളി: സ്വർണാഭരണ നിർമ്മാണ ശാലയിൽ നിന്ന് 90 ഗ്രാം സ്വർണവുമായി കടന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ ജീവനക്കാരനും സഹായിയും പൊലീസ് പിടിയിലായി. വെസ്റ്റ് ബംഗാൾ നാദിയ ജില്ലയിൽ ബിജയ് കൃഷ്ണ ബാല (29), സുഹൃത്ത് വെസ്റ്റ് ബംഗാൾ സ്വദേശി സെയ്ദ് നെയ്മത്തുള്ള (52) എന്നിവരാണ് പിടിയിലായത്.

കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്വർണാഭരണ നിർമ്മാണ ശാലയിലെ ജീവനക്കാരനായിരുന്നു ബിജയ് കൃഷ്ണ. സ്ഥാപന ഉടമ നൽകിയ 150ഗ്രം സ്വർണത്തിൽ നിന്ന് 90 ഗ്രാമോളം മുറിച്ചെടുത്ത ശേഷം സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. സ്ഥാപന ഉടമ നൽകിയ പരാതിയെ തുടർന്ന് കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വർണം തൃശൂരിലെ സുഹൃത്ത് സെയ്ദ് നെയ്മത്തുള്ളയുടെ സഹായത്തോടെ വിറ്റശേഷം മലപ്പുറം തിരൂരിലേക്ക് കടക്കുകയായിരുന്നു. ബിജയ് കൃഷ്ണയെ തിരൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സെയ്ദ് നെയ്മത്തുള്ളയെ തൃശൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ആഷിഖ്, എ.എസ്.ഐ തമ്പി, എസ്.സി.പി.ഒ ഹാഷിം, സി.പി.ഒ മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.