ചക്ക ഡേയിൽ സ്‌കൂളിൽ സ്പെഷ്യൽ ഒരുക്കി അമ്മമാർ
കൊല്ലം: ചക്ക ഡേയിൽ സ്കൂൾ വളപ്പിലെ ചക്കകൊണ്ട് ഉച്ചഭക്ഷണത്തിന് വ്യത്യസ്ത വിഭവങ്ങൾ ഒരുക്കി അമ്മമാർ. പ്രാക്കുളം ഗവ. എൽ.പി സ്കൂളിൽ നടന്ന അന്തർദേശീയ ചക്ക ദിനാഘോഷത്തിലാണ് അമ്മമാർ കൈകോർത്തത്. പതിനഞ്ചോളം അമ്മമാർ ചേർന്ന് ഇടിച്ചക്കത്തോരൻ, കൊത്തു ചക്കത്തോരൻ, ചക്ക എരിശേരി, ചക്ക മുറുക്ക്, ചക്ക ഉപ്പേരി, ചക്ക അട, ചക്ക ബജി, ചക്ക ചമ്മന്തി ചക്ക അപ്പം, ചക്ക ജ്യൂസ്, ചക്ക പായസം എന്നിങ്ങനെ ഇരുപത്തഞ്ചോളം വിഭവങ്ങളാണ് ഒരുക്കിയത്. സ്കൂൾ വളപ്പിലുണ്ടായിരുന്ന പത്തോളം ചക്കകളാണ് ഉപയോഗിച്ചത്.
സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റിയുടെയും രക്ഷകർത്തൃ സമിതിയുടെയും നേതൃത്വത്തിലായിരുന്നു ചക്ക ദിനാഘോഷം. പ്രപഞ്ച ഗ്രീൻ മാർട്ട് ഡയറക്ടർ ജി.ആർ.ഷാജി ക്ലാസെടുത്തു. തൃക്കരുവ ഗ്രാമ പഞ്ചായത്ത് അംഗം ഡാഡു കോടിയിൽ, കൊല്ലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ, നൂൺ മീൽ ഓഫീസർ വി.ജി.ചന്ദ്രലേഖ, പി.ടി.എ പ്രസിഡന്റ് എ.ആൻഡേഴ്സൺ, സ്കൂൾ പ്രഥമാദ്ധ്യാപകൻ കണ്ണൻ ഷൺമുഖം, സ്റ്റാഫ് സെക്രട്ടറി ജെ.മിനി എന്നിവർ സംസാരിച്ചു. ജിബി.ടി.ചാക്കോ, നദീറ ബീഗം, ബിന്ദു, മിനിമോൾ, അർച്ചന അശോക്, വിനു തുടങ്ങിയവർ നേതൃത്വം നൽകി.