നേമം സഹ. ബാങ്ക് ചതിച്ചു,​ ശശിധരൻ എങ്ങനെ ഇന്ന് ആശുപത്രി വിടും?

Saturday 05 July 2025 12:52 AM IST

തിരുവനന്തപുരം: ''എന്റെ വിയർപ്പ് വീണ പണമാണ് നേമം സർവീസ് സഹകരണ ബാങ്കിൽ കിടക്കുന്നത്. ആരെയും പറ്റിച്ച് നേടിയതല്ല. നല്ലകാലത്ത് ആവുന്നത്ര കഷ്ടപ്പെട്ടു. എന്നാൽ, ഇന്ന് ഇത്ര മോശം അവസ്ഥയിലും ആ പണം പ്രയോജനപ്പെടുന്നില്ലല്ലോ..."" ഒരാഴ്ച മുമ്പ് പക്ഷാഘാതം വന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രാവച്ചമ്പലം നേതാജി നഗർ 'മണിവീണ" വീട്ടിൽ ശശിധരൻ ഈ ആഘാതം കൂടി താങ്ങാനാവുന്നില്ല.

ബാങ്കിൽ കോടികളുടെ ക്രമക്കേട് നടന്നതിനെ തുട‌ർന്ന് നിക്ഷേപം തിരിച്ചുകിട്ടാത്തവരുടെ കൂട്ടത്തിൽ ഒരാളാണ് 72കാരനായ ശശിധരനും. 14 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. ഇപ്പോൾ മുതലുമില്ല, പലിശയുമില്ല. ഇന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ എങ്ങനെ പണമടയ്ക്കുമെന്ന് ഒരു തിട്ടവുമില്ല. ബാങ്ക് കൈമലർത്തി.

സി.പി.എം അംഗമായ ശശിധരൻ കർഷക സംഘത്തിന്റെ ഏരിയാ കമ്മിറ്റി അംഗം കൂടിയാണ്. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതി ആവശ്യപ്പെട്ടതു പ്രകാരമാണ് പെൻഷൻ തുകയടക്കം നിക്ഷേപിച്ചത്. പക്ഷാഘാതത്തെ തുടർന്ന് രണ്ടുദിവസം ഐ.സി.യുവിലായിരുന്നു. ഭാര്യ രമാദേവിയുടെ ബന്ധുവാണ് അഡ്മിറ്റ് ചെയ്തപ്പോൾ പണമടച്ചത്. സ്കാനിംഗിനും മരുന്നുകൾക്കുമൊക്കെയായി വലിയൊരു തുക ചെലവായി.

തകർച്ച മറച്ചുവച്ച്

നിക്ഷേപം വാങ്ങി

ചലചിത്ര വികസന കോർപ്പറേഷനിൽ അസിസ്റ്റന്റ് മെയിന്റനൻസ് എൻജിനിയറായിരുന്ന ശശിധരൻ 2010ൽ വിരമിച്ചപ്പോൾ ഒൻപതുലക്ഷംരൂപ നിക്ഷേപിച്ചു. രണ്ടുവർഷം മുൻപ് കുറച്ചു തുക കൂടി നിക്ഷേപിക്കാൻ ബാങ്ക് പ്രസിഡന്റ് ആവശ്യപ്പെട്ടു. അങ്ങനെ ആകെ ശേഷിച്ചിരുന്ന സമ്പാദ്യമായ അഞ്ചുലക്ഷം കൂടി നിക്ഷേപിച്ചു. രണ്ട് ആൺമക്കളുണ്ടെങ്കിലും ഇതിൽ നിന്നുള്ള പലിശകൊണ്ട് അവരെ ആശ്രയിക്കാതെ തനിക്കും ഭാര്യയ്ക്കും ശിഷ്ടകാലം ജീവിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. ബാങ്ക് അന്ന് തകർച്ചയുടെ വക്കിലായിരുന്നെങ്കിലും അത് മറച്ചുവച്ചാണ് വീണ്ടും നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത്. കഴി‌ഞ്ഞവർഷം ബാങ്കിലെ നിക്ഷേപതട്ടിപ്പ് പുറത്തു വന്നു. നിക്ഷേപത്തുക തിരിച്ചുകിട്ടാൻ പലതവണ ബാങ്കിൽ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇ.പി.എഫ് പെൻഷനായ 1700 രൂപ മാത്രമാണ് ഏക ആശ്രയം. പാർട്ടി ഏരിയാ കമ്മിറ്റി മുതൽ സംസ്ഥാനകമ്മിറ്റി വരെ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.