കൊന്നയിൽ കടവ് പാലത്തിന് സി.ആർ.ഇസഡ് അനുമതി

Saturday 05 July 2025 12:14 AM IST

കൊല്ലം: മൺറോത്തുരുത്തിനെയും പെരുങ്ങാലത്തെയും ബന്ധിപ്പിക്കുന്ന കൊന്നയിൽ കടവ് പാലം നിർമ്മാണത്തിന് സി.ആർ.ഇസഡ് അനുമതി നൽകാൻ തീരദേശ പരിപാലന അതോറിറ്റി യോഗം തീരുമാനിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനത്തിന്റെ മിനിട്സ് വരുന്നതിന് പിന്നാലെ നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബി, കരാർ കമ്പനിക്ക് കരാർ ഒപ്പിടാൻ നിർദ്ദേശം നൽകിക്കൊണ്ടുള്ള കത്ത് നൽകും.

എസ്റ്റിമേറ്റിനേക്കാൾ 48.9 ശതമാനം അധികമായിരുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ടെണ്ടറിന് ഏപ്രിലിൽ മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു. അതിന് പിന്നാലെ കെ.ആർ.എഫ്.ബി സി.ആർ.ഇസഡ് അനുമതി തേടിയെങ്കിലും നടപടി വൈകുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന അതോറിറ്റി യോഗമാണ് അനുമതി നൽകാൻ തീരുമാനിച്ചത്. പൊളിച്ചുനീക്കൽ ഇല്ലാത്തതിനാൽ കരാർ ഒപ്പിട്ട് ഒരുമാസത്തിനകം നിർമ്മാണം ആരംഭിക്കാനാണ് സാദ്ധ്യത.

പെരുങ്ങാലത്തുകാരുടെ ദുരിതത്തിന് അറുതി

 മൺറോത്തുരുത്തിന്റെ ഭാഗമായ പെരുങ്ങാലം തുരുത്തിലേക്കുള്ള ഗതാഗത മാർഗം കടത്തുവള്ളം

 ഏക സർക്കാർ ഹൈസ്കൂളും പെരുങ്ങാലം തുരുത്തിൽ

 രാത്രിയിൽ രോഗം മൂർച്ഛിക്കുന്നവരെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനാകില്ല

 300 ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്

 വാഹനസൗകര്യമില്ലാത്തതിനാൽ നിരവധി കുടുംബങ്ങൾ തുരുത്ത് വിട്ടു

 പാലം വരുന്നതോടെ പെരുങ്ങാലത്തുകാരുടെ ദുരിതങ്ങൾക്ക് പരിഹാരമാകും

വേഗത്തിലാക്കണമെന്ന് ആവശ്യം

 പെരുമൺ- പേഴുംതുരുത്ത് പാലം പോലെ കൊന്നയിൽക്കടവ് പാലം നിർമ്മാണം വൈകരുത്

 ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടൽ വേണം

 പത്തുവർഷം നീണ്ട നടപടികൾക്കൊടുവിലാണ് കൊന്നയിൽക്കടവ് പാലം നിർമ്മാണത്തിലേക്ക് നീങ്ങുന്നത്

 2016ൽ നിർമ്മാണ സാമഗ്രികൾ എത്തിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് കരാറുകാരൻ പിന്മാറി

 നിർമ്മാണ സാമഗ്രികൾ എത്തിക്കാനുള്ള പ്രയാസം കൂടി കണക്കിലെടുത്താണ് ഉയർന്ന ടെണ്ടറിന് സർക്കാർ ഇപ്പോൾ അംഗീകാരം നൽകിയത്

പാലത്തിന്റെ നീളം

175 മീറ്രർ

വീതി

10 മീറ്റർ

മദ്ധ്യഭാഗത്തെ സ്പാൻ

32 മീറ്റർ

ആറ് സ്പാനുകളുടെ നീളം

23.9 മീറ്റർ

കരാർ തുക

20.20 കോടി