ആരോഗ്യമന്ത്രിക്കെതിരെ കനഗോലു പ്രചാരവേല: എം.വി.ഗോവിന്ദൻ

Saturday 05 July 2025 1:27 AM IST

തിരുവനന്തപുരം:കോട്ടയം മെഡിക്കൽ കോളേജ് സംഭവത്തിന്റെ പേരിൽ ആരോഗ്യ മന്ത്രിക്കെതിരെ പ്രതിപക്ഷം നടത്തുന്ന സമരം കോൺഗ്രസ് ഇലക്ഷൻ വിദഗ്ധൻ കനഗോലുവിന്റെ പ്രചാരവേലയുടെ ഭാഗമാണെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ മികച്ച പ്രവർത്തനം കാഴ്ച വച്ച വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങൾ ഇകഴ്ത്തിക്കാട്ടാനുള്ള പ്രചാരവേലയനുസരിച്ചാണ് ഈ ബഹളമെല്ലാം ഉണ്ടാക്കുന്നത്.സർക്കാർ നേട്ടമുണ്ടാക്കിയ മേഖലകളെയെല്ലാം കടന്നാക്രമിക്കാനാണ് യുഡിഎഫ് തീരുമാനം.ആരോഗ്യരംഗത്തെ സ്വകാര്യ കച്ചവടക്കാർക്ക് സഹായകരമായ നിലപാടാണ് യുഡിഎഫിന്റേത്. മന്ത്രിമാർക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേല നടക്കുന്നു. ആരോഗ്യമന്ത്രി രാജി വയ്ക്കാൻ പോകുന്നില്ല.പാർട്ടിയുടെ പൂർണ പിന്തുണ മന്ത്രിക്കുണ്ട്. .

കോട്ടയം മെഡിക്കൽ കോളജിൽ നടന്ന അപകടം ദൗർഭാഗ്യകരമാണ്. മരണപ്പെട്ട

ബിന്ദുവിന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ സർക്കാർ ചെയ്യും.ദുരന്തമുണ്ടായ ഒരു ഘട്ടത്തിലും രക്ഷാപ്രവർത്തനങ്ങൾ നിറുത്തി വച്ചിട്ടില്ല.മന്ത്രിയുടെ പ്രസ്താവനയെ തുടർന്ന് രക്ഷാപ്രവർത്തനം നിറുത്തിവെച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്.ദുരന്ത സ്ഥലത്തു വച്ച് മാധ്യമങ്ങളോട് മന്ത്രി പ്രതികരിച്ച രീതിക്ക് ഒരു പാകപ്പിഴയുമില്ല.ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ പങ്കു വച്ചുവെന്നേയുള്ളു.

കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് നേരത്തെ തന്നെ നിർദ്ദേശങ്ങൾ നൽകിയിരുന്നു. കഴിഞ്ഞ മാസം മന്ത്രിതലത്തിൽ ചേർന്ന യോഗം ബലക്ഷയ വിഷയം ചർച്ച ചെയ്തിരുന്നു. ഇതു മനസ്സിലാക്കിയാണ് 564 കോടി രൂപയുടെ പദ്ധതി അവിടെ നടപ്പിലാക്കിയതെന്നും

അദ്ദേഹം പറഞ്ഞു.