വീണാ ജോർജ് രാജിവയ്ക്കണം : തുഷാർ വെള്ളാപ്പള്ളി

Saturday 05 July 2025 1:36 AM IST

ആലപ്പുഴ : മനുഷ്യ ജീവന് വില കൽപ്പിക്കാത്ത ആരോഗ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു ആരോഗ്യമേഖലയിൽ കേരള കൈവരിച്ച നേട്ടങ്ങളെല്ലാം കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് തകർത്ത് തരിപ്പണമാക്കി. ഇതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ് ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബിന്ദുവിന്റെ മരണവും. വീണാ ജോർജ് മന്ത്രി സ്ഥാനം രാജി വയ്ക്കുകയോ മുഖ്യമന്ത്രി പുറത്താക്കുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓൺലൈനായി ചേർന്ന ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു തുഷാർ. ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ ഒരു കോടി രൂപ സഹായമായി നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി മണ്ഡലാടിസ്ഥാനത്തിൽ ശില്പശാലകൾ സംഘടിപ്പിക്കുന്നതിനും തിരുമാനിച്ചു.യോഗത്തിൽ കെ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ജി.തങ്കപ്പൻ, അരയാക്കണ്ടി സന്തോഷ്‌, അഡ്വ.സിനിൽ മുണ്ടപ്പള്ളി, അഡ്വ.പി.എസ്‌.ജ്യോതിസ്‌, തമ്പി മേട്ടുതറ, അഡ്വ.സംഗീത വിശ്വനാഥ്‌, അനിരുദ്ധ്‌ കാർത്തികേയൻ, എ.ബി.ജയപ്രകാശ്‌, കെ.എ.ഉണ്ണിക്കൃഷ്ണൻ, എ.എൻ.അനുരാഗ്‌, രാജേഷ്‌ നെടുമങ്ങാട്‌, ഡി.പ്രേംരാജ്‌, പച്ചയിൽ സന്ദീപ്‌, ആലുവിള അജിത്ത്‌, ഷീബ , അനീഷ്‌ പുല്ലുവേലി എന്നിവർ സംസാരിച്ചു.