ആരോഗ്യവകുപ്പിന്റെ നേട്ടങ്ങളെ അവഹേളിക്കരുത്: ശൈലജ

Saturday 05 July 2025 1:38 AM IST

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ ദുരന്തത്തിന്റെ പേരിൽ ഹൃദയ ശസ്ത്രക്രിയക്കായി വിശ്രമമില്ലാതെ പ്രവർത്തിച്ച് ആയിരക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിച്ച ഡോക്ടറേയും ആരോഗ്യ വകുപ്പിന്റെ നേട്ടങ്ങളെയും കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങൾ തിരിച്ചറിയണമെന്ന് മുൻ മന്ത്രി കെ.കെ.ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് . മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാർ മുൻകൈയ്യെടുത്താണ് ഇപ്പോഴത്തെ എല്ലാ വികസനങ്ങളും ഉണ്ടായിട്ടുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.

വളരെ തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്ന ബിന്ദുവിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവൺമെന്റ് ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിൽ ബിന്ദുവിന്റെ മകളുടെ ഓപ്പറേഷൻ കൃത്യ സമയത്ത് നടത്തുന്നതിനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.എൽ.ഡി.എഫ് ഭരണകാലത്ത് വമ്പിച്ച പുരോഗതിയാണ് കോട്ടയം മെഡിക്കൽ കോളേജിന് ഉണ്ടായിട്ടുള്ളത്. ഇപ്പോൾ തകർന്നു വീണ കെട്ടിടം മാറ്റിപ്പണിയുന്നതിന് 2018ൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി കിഫ്ബിയിൽ ഇടപെട്ട് ഫണ്ട് ലഭ്യമാക്കിയിരുന്നു. കോവിഡ് കാരണം നിർമ്മാണ പ്രവർത്തനന്നിന് തടസ്സം നേരിട്ടെങ്കിലും ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. പുതിയ കെട്ടിടത്തിലേക്ക് രോഗികളെ മാറ്റാൻ തീരുമാനിച്ചതിനിടയിലാണ് കെട്ടിടം തകർന്നത്.