മെഡി. കോളേജ് അപകടം: വിവാദം, വിശദീകരണം

Saturday 05 July 2025 1:40 AM IST

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് രോഗിയുടെ അമ്മ ബിന്ദു മരിച്ച സംഭവത്തിൽ വിവാദം തുടരുകയാണ്. ഇതുസംബന്ധിച്ച് ഉയർന്ന ആക്ഷേപങ്ങളും അതിന് അധികൃതരുടെ മറുപടിയും.

ആക്ഷേപം: രക്ഷാപ്രവർത്തനം തുടങ്ങാൻ വൈകി

മറുപടി (മന്ത്രി വീണാ ജോർജ്): വിവരമറിഞ്ഞ ഉടനെത്തി മന്ത്രി വി.എൻ. വാസവനുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി രക്ഷാപ്രവർത്തനത്തിന് വേണ്ട നിർദ്ദേശം നൽകി. സാദ്ധ്യമായതെല്ലാം ചെയ്തിരുന്നു. ഉടൻ സംഭവസ്ഥലത്തേയ്ക്ക് ജെ.സി.ബി എത്തിക്കുന്നതിന് ഉൾപ്പെടെ നടപടിയെടുത്തു. ആശുപത്രിയുടെ ഉൾഭാഗം ആയതിനാൽ ഗ്രിൽ പൊട്ടിച്ചാണ് ജെ.സി.ബി അകത്തേയ്ക്ക് എത്തിച്ചത്. ആദ്യഘട്ടത്തിൽ അകത്ത് ആരുമില്ലെന്നായിരുന്നു വിവരമെങ്കിലും രക്ഷാപ്രവർത്തത്തിന് താമസമുണ്ടായില്ല. ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക മാത്രമായിരുന്നു പ്രാഥമിക ലക്ഷ്യം.

ആക്ഷേപം: ഉപയോഗിക്കാത്ത കെട്ടിടമല്ലായിരുന്നു

മറുപടി (സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാർ): ടോയ്ലെറ്റ് ഉപയോഗിക്കാനായി ആളുകൾ കെട്ടിടം ഉപയോഗിച്ചിരുന്നു. ഇടയ്ക്ക് കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു.

ആക്ഷേപം: പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകിച്ചു

മറുപടി (മെഡി.കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്): പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് പൂർണമായും മാറുന്ന പ്രക്രിയ നടക്കുകയായിരുന്നു. ഈ മാസം അവസാനത്തോടെ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്. മേയ് 30ന് മന്ത്രിമാരായ വീണാ ജോർജിന്റെയും വി.എൻ.വാസവന്റെയും സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ പഴയ സർജിക്കൽ ബ്ലോക്ക് പൂർണമായും പുതിയ ബ്ലോക്കിലേക്ക് ഈ മാസം അവസാനത്തോടെ മാറ്റാൻ തീരുമാനിച്ചിരുന്നു.

ആക്ഷേപം: പൊളിച്ചുനീക്കാൻ റിപ്പോർട്ടുള്ള കെട്ടിടം പൊളിക്കാത്തതെന്ത്

മറുപടി (മന്ത്രി വി.എൻ.വാസവൻ): പുതിയ കെട്ടിടം പൂർത്തിയായ ശേഷമേ പഴയ കെട്ടിടം പൊളിച്ചു നീക്കാനാകൂ. കെട്ടിടത്തിന്റെ ബലക്ഷയം ശ്രദ്ധിച്ചതിന്റെ ഭാഗമായാണ് കിഫ്ബി ഫണ്ടുപയോഗിച്ച് പുതിയ കെട്ടിടം പണിതത്. 565 ബെഡും 14 ഓപ്പറേഷൻ തിയേറ്ററുമുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി. 365 ബെഡോടുകൂടിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിന്റെ നിർമ്മാണം നടക്കുകയാണ്.

ആക്ഷേപം: മന്ത്രിമാർ ആരും ഫോണിൽ വിളിച്ചില്ല

മറുപടി (ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ): ​ മന്ത്രി വീണാ ജോർജ് ഇന്നലെ വൈകിട്ട് വിളിച്ചു. രണ്ടു ദിവസത്തിനകം വീട്ടിലെത്തുമെന്ന് അറിയിച്ചു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. മന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയുണ്ട്.