അണപൊട്ടി പ്രതിഷേധം

Saturday 05 July 2025 1:46 AM IST

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞ് വീട്ടമ്മ മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം അണപൊട്ടി. പലയിടത്തും പ്രതിഷേധ പ്രകടനങ്ങൾ സംഘർഷത്തിൽ കലാശിച്ചു.

യൂത്ത് കോൺഗ്രസ്, ബി.ജെ.പി, എസ്.യു.സി.ഐ, വെൽഫെയർപാർട്ടി ഉൾപ്പെടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച യൂത്തുകോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ തൃശൂരിൽ ഡി.എം.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

യുവമോർച്ച പ്രവർത്തകർ ഡി.എം.ഒയുടെ ചേംബറിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.

തെറ്റായി വ്യാഖ്യാനിച്ചു : വാസവൻ

അപകടം നടന്നതിന് പിന്നാലെ താനും ആരോഗ്യമന്ത്രിയും നടത്തിയ പ്രതികരണങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് മന്ത്രി വി.എൻ.വാസവൻ. തെരച്ചിൽ നിറുത്തിവയ്ക്കണമെന്നോ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആളില്ലെന്നോ പറഞ്ഞിട്ടില്ല. ഹിറ്റാച്ചി കൊണ്ടുവരാൻ ആദ്യമേ നിർദ്ദേശിച്ചത് താനാണ്. കയറിപ്പോകാൻ സ്ഥലമില്ലാതിരുന്നതിനാൽ വരാന്തയുടെ ഗ്രില്ല് പൊളിക്കാനും വൈകി. അതിന്റെയൊക്കെ ധാർമ്മിക ഉത്തരവാദിത്വം മന്ത്രി ഏറ്റെടുക്കണമെന്ന് എങ്ങനെ പറയാൻ സാധിക്കും.

''നടന്നത് കൊലപാതകമാണ്. ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവയ്ക്കണം

-സണ്ണി ജോസഫ്,

കെ.പി.സി.സി പ്രസിഡന്റ്