60ന്റെ നിറവിൽ ചിത്രലേഖ ഫിലിം സൊസൈറ്റി

Saturday 05 July 2025 1:47 AM IST

തിരുവനന്തപുരം: ലോകസിനിമയുടെ വിശാലമായ വാതായനങ്ങൾ കേരളീയർക്ക് മുന്നിൽ തുറന്നിട്ട

കേരളത്തിന്റെ ആദ്യ ഫിലിം സൊസൈറ്റിയായ ചിത്രലേഖയ്ക്ക് ഇന്ന് 60 വയസ്. 1965 ജൂലായ് 5ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ 'ചിത്രലേഖ' രൂപീകരിച്ചതോടെയാണ് കേരളത്തിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് നാന്ദികുറിക്കുന്നത്. 'നല്ല സിനിമ എന്ന ആശയത്തെ പിന്തുണച്ച വലിയൊരു യുവത കേരളത്തിലുണ്ടായിരുന്നു. അവരിലൂടെ സിനിമയും വളർന്നു...'സൊസൈറ്റിയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായ മീരാസാഹിബ് കേരളകൗമുദിയോട് പറഞ്ഞു. തിരുവനന്തപുരം ശ്രീകുമാർ തീയേറ്ററിൽ അന്നത്തെ ഗവർണർ ഭഗവാൻ സഹായ് ആയിരുന്നു ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ദേശീയ-അന്തർദ്ദേശീയ സിനിമകൾ ചിത്രലേഖയിലൂടെ ടാഗോർ തീയേറ്ററിന്റെ വേദിയിൽ മലയാളികൾ കൗതുകത്തോടെ കണ്ടു. ഉത്സാഹത്തോടെ ചർച്ച ചെയ്തു. ആദ്യം ചെറിയൊരു സംരംഭമായി തുടങ്ങിയ ചിത്രലേഖയുടെ ചുവടുപിടിച്ച് പിന്നീട് കേരളത്തിലൊട്ടാകെ 100ലധികം ഫിലിം സൊസൈറ്റികൾ പിറവിയെടുത്തു. കുളത്തൂർ ഭാസ്കരൻ നായർ, ജി.അരവിന്ദൻ, പി.കെ.നായർ, ശ്രീവരാഹം ബാലകൃഷ്ണൻ, കെ.പി.കുമാരൻ, ഷാജി എൻ.കരുൺ ,ചെലവുർ വേണു, രവീന്ദ്രനാഥൻ നായർ, മീരാ സാഹിബ് തുടങ്ങിയവരായിരുന്നു ആദ്യകാല പ്രവർത്തകർ.അന്ന് കേരളകൗമുദിയിൽ ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചതോടെ സൊസൈറ്റി അംഗത്വത്തിനു തിരക്കേറി.

ആരവങ്ങളോടെ ആരാധകർ

അക്കാലത്ത് മറ്റ് ഫിലിം സൊസൈറ്റികൾക്ക് സിനിമയുടെ പ്രിന്റ് കൊടുക്കാൻ രാത്രികാലങ്ങളിൽ ചിത്രലേഖയുടെ പ്രവർത്തകർ മറ്റ് ജില്ലകളിലെത്തും. ബസ് സ്റ്റോപ്പിലും റെയിൽവേ സ്റ്റേഷനിലുമൊക്കെ ഫിലിം സൊസൈറ്റി പ്രവർത്തകർ കാത്തുനിൽക്കും. പ്രേംനസീറിന്റെയും ഷീലയുടെയുമൊക്കെ ഫിലിം നുറുങ്ങുകളാക്കി ചെറുപ്പക്കാർ ആരാധനയോടെ പോക്കറ്റിലിട്ട് നടക്കും. ചിത്രലേഖ ഫിലിം സൊസൈറ്റിക്ക് സമാന്തരമായി പ്രവ‌ർത്തിച്ചിരുന്ന ഫിലിം കോപ്പറേറ്റീവിന്റെ വക സ്റ്റുഡിയോയും പ്രവർത്തിച്ചിരുന്നു. ചിത്രലേഖാ ഫിലിം കോപ്പറേറ്റീവാണ് അടൂർ ഗോപാലകൃഷ്ണന്റെ 'സ്വയംവരം' നിർമ്മിച്ചത്. നാഷണൽ ഫിലിം ആർക്കൈവ്സിലെയും എംബസിയിലെയും പടങ്ങൾ തിരുവനന്തപുരത്തെത്തിച്ച് മറ്റ് ഫിലിം സൊസൈറ്റികൾക്കും നൽകി. അങ്ങനെ മറ്റ് സൊസൈറ്റികൾക്കും വളരാൻ ആത്മവിശ്വാസമേകി. ആദ്യം ശാസ്തമംഗലത്തായിരുന്നു ഓഫീസ്. പിന്നീട് ആക്കുളത്തേക്ക് മാറ്റി.

ആദരിക്കും

ഇന്ന് ഉച്ചയ്ക്ക് 2.30ന് പ്രസ് ക്ലബിൽ നടക്കുന്ന ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ വജ്രജൂബിലി ആഘോഷം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വജ്രജൂബിലിയോടനുബന്ധിച്ച് അടുത്ത ഒരുവർഷം പ്രദർശിപ്പിക്കുന്ന 60 ചിത്രങ്ങളുടെ പേരുകൾ പ്രഖ്യാപിക്കും. ആദ്യകാല ഫിലിം സൊസൈറ്റി പ്രവർത്തകരെ ആദരിക്കും. ഇവരുടെ കുടുംബാംഗങ്ങളുമെത്തും.

നാട്ടിലെ തീയേറ്റററിലുള്ള പടങ്ങൾ മാത്രം കണ്ട് ശീലിച്ചവർക്ക് മറ്റ് സ്ഥലങ്ങളിലെ സിനിമൾ കാണാൻ ഫിലിം സൊസൈറ്റി അവസരമൊരുക്കി. ഇത്തരത്തിൽ സിനിമയെ കുറിച്ചുള്ള ധാരണ മാറ്റാൻ സാധിച്ചു.

അടൂർ ഗോപാലകൃഷ്ണൻ