സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും
തിരുവനന്തപുരം: സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി ദേശീയ പ്രസിഡന്റ് എസ്.സുവർണ്ണകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പാർട്ടി രജിസ്റ്റർ ചെയ്ത 2003 മുതൽ രണ്ട് തിരഞ്ഞെടുപ്പുകളൊഴികെ എസ്.എൻ.ഡി.പി ഒറ്റയ്ക്ക് മത്സരിച്ചാണ് ഗണ്യമായ വോട്ട് സമ്പാദിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പല വാർഡുകളിലും പാർട്ടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഡൽഹി കേന്ദ്ര ഓഫീസിൽ ദേശീയ ചെയർമാൻ എസ്.സുവർണ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പാർട്ടി കേന്ദ്ര കോർ കമ്മിറ്റിയോഗത്തിലാണ് തീരുമാനം. ദേശീയ സെക്രട്ടറി ജനറൽ സുധാകരൻ സതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. കേരളത്തിലെ ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് ഒക്ടോബറിൽ ദേശീയ കൺവെൻഷൻ തിരുവനന്തപുരത്ത് നടത്താനും യോഗം തീരുമാനിച്ചു.
മറ്റ് ഭാരവാഹികൾ: ശാലിനി പിരപ്പൻകോട് (ദേശീയ വൈസ് ചെയർമാൻ ), പ്രബോധ് എസ്.കണ്ടച്ചിറ (ദേശീയ ട്രഷറർ ), പി.പ്രസന്നൻ വൈഷ്‌ണവ് (സംസ്ഥാന പ്രസിഡന്റ് ), കുമളി സോമൻ, കല്ലുങ്കൽ രത്നമ്മ, ഡി.കൃഷ്ണമൂർത്തി (വൈസ് പ്രസിഡന്റുമാർ), അനിൽ പടിക്കൽ (ജനറൽ സെക്രട്ടറി), സിബിൻ ഹരിദാസ്, എം.പി അനിത, അപ്സര ശശികുമാർ (സെക്രട്ടറിമാർ), ക്ലാവറ സോമൻ (ട്രഷറർ) .വാർത്താസമ്മേളനത്തിൽ പ്രബോധ് എസ്.കണ്ടച്ചിറ, ശാലിനി പിരപ്പൻകോട്, പ്രസന്നൻ വൈഷ്ണവ്, അനിൽ പടിക്കൽ, ക്ലാവറ സോമൻ എന്നിവരും പങ്കെടുത്തു.