എൺപതുകളിലെ സൂപ്പർ ഹിറ്റ് ഗായകനെ ഒതുക്കിയത് യേശുദാസോ? തുറന്നുപറഞ്ഞ് മകൻ

Saturday 05 July 2025 3:37 PM IST

പാടിയ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റാക്കിയ ഗായകൻ കെപി ബ്രഹ്മാനന്ദനെ യേശുദാസ് ഒതുക്കാൻ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മകനും ഗായകനും നടനുമായ രാകേഷ് ബ്രഹ്മാനന്ദൻ. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ്‌ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രഹ്മാനന്ദന് അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ചും എ ആർ റഹ്മാനെ നേരിട്ട് കാണാൻ ശ്രമിച്ചതിനെക്കുറിച്ചും രാകേഷ് ബ്രഹ്മാനന്ദൻ തുറന്നുപറയുന്നുണ്ട്.

'അച്ഛൻ ഒരിക്കൽപ്പോലും ആരെക്കുറിച്ചും മോശമായി പറയുകയോ കുറ്റപ്പെടുത്തുകയാേ ചെയ്തിരുന്നില്ല. അദ്ദേഹം എല്ലാവരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ആളായിരുന്നു. ആരോടും അവസരങ്ങൾ ചോദിച്ചുവാങ്ങുന്ന പ്രകൃതമായിരുന്നില്ല അച്ഛന്. അദ്ദേഹത്തിന്റെ കഴിവിൽ വിശ്വസിക്കുന്നവർ വിളിച്ച് പാടിക്കുകയായിരുന്നു. അങ്ങനെയുള്ളവർ അരങ്ങൊഴിഞ്ഞതോടെയാണ് അവസരങ്ങൾ കുറഞ്ഞത്. പല പരിപാടികളിൽ നിന്നും റെക്കോഡിംഗുകളിൽ നിന്നും മനഃപൂർവം ഒഴിവാക്കിയിട്ടുണ്ട്. കൂട്ടുകെട്ടുകളാണ് അദ്ദേഹത്തെ മോശം അവസ്ഥയിലേക്ക് എത്തിച്ചത്'- രാകേഷ് ബ്രഹ്മാനന്ദൻ പറഞ്ഞു. ഗാനരംഗത്തേക്കും അഭിനയ രംഗത്തേക്കും കടന്നുവന്നപ്പോഴുള്ള തനിക്കുണ്ടായ അനുഭവങ്ങളും രാകേഷ് പറയുന്നുണ്ട്.