ഇനി ചേട്ടനും അനിയനും ഒന്നിച്ച് കളിക്കും, സഞ്ജുവിന്റെ സഹോദരൻ സാലി വിശ്വനാഥും കൊച്ചി ബ്ലൂ ടൈഗേഴ്‌സിൽ
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസൺ രണ്ടിന്റെ താരലേലത്തിൽ സഞ്ജു സാംസണിന്റെ സഹോദരൻ സാലി വിശ്വനാഥ് സാംസണെയും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കി. സഞ്ജുവിന്റെ ജ്യേഷ്ഠ സഹോദരൻ സാലി, ആഭ്യന്തര ക്രിക്കറ്റിൽ ഓൾറൗണ്ടറാണ്. കൂടാതെ കെസിഎ റോയൽസ്, വയനാട് തുടങ്ങിയ ടീമുകൾക്കുവേണ്ടിയും മുമ്പ് കളിച്ചിട്ടുണ്ട്.
കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സാലിയെ 75,000 രൂപയ്ക്കാണ് സ്വന്തമാക്കിയത്. മത്സരത്തിന്റെ രണ്ടാം സീസണിൽ ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റനാകാൻ സാധ്യതയുള്ള സഹോദരനോടൊപ്പം മുഖമുദ്ര പതിപ്പിക്കുമെന്നാണ് 34കാരനായ സാലിയുടെ പ്രതീക്ഷ. ആദ്യ സീസണിലും സാലി ബ്ലൂ ടൈഗേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു. സാലിയുടെ പേര് വിളിച്ചപ്പോൾ, വേദിയിൽ നിന്ന അവതാരകൻ ടീമിന്റെ ലേലം നിയന്ത്രിക്കുന്ന ചാരു ശർമ്മയോട് സഞ്ജു സാംസണിന്റെ സഹോദരനാണെന്ന് വിളിച്ചു പറഞ്ഞപ്പോഴാണ് മുൻ താരത്തെ ടീമിലെടുക്കണമെന്ന് കൊച്ചി താൽപര്യം അറിയിച്ചത്.
മറ്റ് ടീമുകളൊന്നും താരത്തെ വാങ്ങാതിരുന്നപ്പോൾ അടിസ്ഥാനവിലയ്ക്കാണ് സാലി സാംസണിനെ ടീം വാങ്ങിയത്. ഓൾറൗണ്ടർ അണ്ടർ 16 വിഭാഗത്തിൽ സൗത്ത് സോണിനു വേണ്ടിയും കളിച്ചിട്ടുണ്ട്. കേരള അണ്ടർ 23, അണ്ടർ 25 ടീമുകളിലും അദ്ദേഹം അംഗമായിരുന്നു. 34കാരനായ സാലി ലിസ്റ്റ് എയിൽ ആറ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.