കൊച്ചി മത്സ്യബന്ധന തുറമുഖം: ആദ്യഘട്ടം സെപ്റ്റംബറിൽ

Sunday 06 July 2025 12:27 AM IST

കൊച്ചി: തോപ്പുംപടിയിൽ 169.17 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന അത്യാധുനിക മത്സ്യബന്ധന തുറമുഖ പദ്ധതിയുടെ ആദ്യഘട്ടം സെപ്തംബർ 15നകം പൂർത്തിയാകും. നിലവിൽ പദ്ധതിയുടെ 54 ശതമാനം നിർമ്മാണം പൂർത്തീകരിച്ചു. 2026 ഡിസംബറോടെ പദ്ധതി പൂർണമായും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹൈബി ഈഡൻ എം.പി.യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നിർമ്മാണ പുരോഗതി വിലയിരുത്തി. കേന്ദ്ര സർക്കാരിന്റെ പദ്ധതി കൊച്ചി തുറമുഖ അതോറിട്ടിയുടെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ, ബോട്ടുകളിലെ തൊഴിലാളികൾ, മത്സ്യവ്യാപാരികൾ, ലേലവില്പനക്കാർ, ബോട്ടുടമകൾ, മത്സ്യമേഖലയിലെ സംഘടനകൾ, സംസ്‌കരണവിപണന മേഖലയിലെ പ്രതിനിധികൾ, ഗതാഗത തൊഴിലാളികൾ, അനുബന്ധ തൊഴിലാളികൾ തുടങ്ങി കൊച്ചിയിലെ മത്സ്യബന്ധനം വഴി ഉപജീവനം കണ്ടെത്തുന്നവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചാണ് നിർമ്മാണം. പരമാവധി വേഗത്തിലും ഗുണനിലവാരത്തിലും തുറമുഖം യാഥാർത്ഥ്യമാക്കാൻ പോർട്ട് അതോറിട്ടി കൂടുതൽ സജീവമായി ഇടപെടണമെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. നിശ്ചിത ഇടവേളകളിൽ നിർമ്മാണ പുരോഗതി അവലോകനം ചെയ്യണമെന്ന് ഹൈബി ഈഡൻ എം.പി. നിർദ്ദേശിച്ചു.

ഒന്നിലധികം തലങ്ങളിൽ, ഒന്നിലധികം ഇടങ്ങളിൽ, ഒന്നിലധികം പ്രവർത്തികൾ ഒരേസമയം നടത്തണം. ഇതുവഴി നിർമ്മാണത്തിലെ കാലതാമസം പരിഹരിക്കണം. നിർമ്മാണത്തിലിരിക്കുന്ന മറ്റ് തുറമുഖങ്ങളെക്കാൾ ആദ്യം പണി പൂർത്തിയാക്കാൻ കൊച്ചിക്ക് കഴിയുന്ന തരത്തിൽ പുനക്രമീകരണം പരിഗണിക്കാനും യോഗം തീരുമാനിച്ചു. ഹൈബി ഈഡൻ എം.പി., തുറമുഖ അതോറിട്ടി അഡ്മിനിസ്‌ട്രേറ്റീവ് ഇൻ ചാർജ് കെ.വി. ഭഗവത് സിംഗ്, ടെക്‌നിക്കൽ അഡ്വൈസർ എ.ജി. സത്യൻ, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ വി.പി. ജോസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഗുണഭോക്താക്കൾ

മത്സ്യബന്ധന ബോട്ടുകൾ 700

മത്സ്യത്തൊഴിലാളികൾ 10,000

പരോക്ഷ തൊഴിൽ 30,000

സൗകര്യങ്ങൾ

ബോട്ടുകൾ അടുക്കാൻ സൗകര്യം

മത്സ്യങ്ങൾ സൂക്ഷിക്കാൻ സൗകര്യം

ലേലം ചെയ്യാൻ വിപുലമായ സംവിധാനം

വലകൾ തുന്നാൻ സൗകര്യം

കുടി വെള്ളം, ശുചിത്വ സൗകര്യങ്ങൾ

വിശ്രമിക്കാൻ സൗകര്യങ്ങൾ

 വാഹനങ്ങൾക്ക് സുഗമായ യാത്രാസൗകര്യം

ഡ്രഡ്‌ജിംഗ് ആഗസ്റ്റിൽ

ഹാർബറിന് സമീപം ഡ്രഡ്‌ജിംഗ് ആവശ്യമാണെന്ന് എം.പി അറിയിച്ചു. ആഗസ്റ്റിൽ ഡ്രഡ്‌ജിംഗ് നടത്തുന്നത് പരിഗണിക്കാമെന്ന് തുറമുഖ അധികൃതർ അറിയിച്ചു. പ്രവർത്തന രഹിതമായ ഹൈ മാസ്റ്റുൾപ്പെടെയുള്ള അറ്റകുറ്റപ്പണി നടത്തും.

ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയിൽ കണിശവും കൃത്യവുമായ ഇടപെടൽ നടത്താൻ പോർട്ട് അതോറിട്ടി തയ്യാറാകണം.

ഹൈബി ഈഡൻ എം.പി