കളക്ടറേറ്റ് വളപ്പിലെ പാർക്കിംഗ് ഫീ: പരാതി കളക്ടർ പരിശോധിക്കണം

Saturday 05 July 2025 6:57 PM IST

കൊച്ചി : ജില്ലാ കളക്ടറേറ്റിലെ വാഹനപാർക്കിംഗ് ഫീസ് സംബന്ധിച്ച പരാതി പരിശോധിച്ച് രണ്ട് മാസത്തിനകം നടപടിയെടുക്കാൻ എറണാകുളം ജില്ലാ കളക്ടർക്ക് മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശം. കളക്ടറേറ്റ് വളപ്പിൽ അന്യായമായി പാർക്കിംഗ് ഫീസ് ഈടാക്കുന്നതായി പൊതുപ്രവർത്തകൻ രാജു വാഴക്കാല നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ട‌ർ തോമസ് ഉത്തരവിട്ടത്.

പരാതിയും പരിഹാരമാർഗങ്ങളും ജില്ലാ കളക്ടർക്ക് നൽകണമെന്ന് രാജു വാഴക്കാലയോട് കമ്മിഷൻ ആവശ്യപ്പെട്ടു. പരാതി പരിശോധിക്കാൻ സബ് കളക്ടർമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന കമ്മിറ്റി രൂപീകരിക്കണം. ശരിയായ അന്വേഷണം നടത്തി ജില്ലാ കളക്ടർക്ക് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കണം. ജില്ലാ കളക്ടർ ഇക്കാര്യത്തിൽ കാലതാമസം കൂടാതെ ഉചിതമായ തീരുമാനമെടുക്കണം. ഫീസ് പിരിക്കുന്നത് നയപരമായ തീരുമാനമായതിനാൽ നിയമവിരുദ്ധമാണെന്ന് പറയാനാകില്ലെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു.

 സുരക്ഷയ്ക്കെന്ന് വാദം

സിവിൽ സ്റ്റേഷന്റെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് പാർക്കിംഗ് ഫീസ് ഈടാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. സിവിൽ സ്റ്റേഷനിൽ ആദ്യ ഒരു മണിക്കൂർ പാർക്കിംഗ്‌സൗജന്യമാണ്. ഇതിനു ശേഷമാണ് തുക ഈടാക്കുന്നത്. എന്നാൽ വാഹനം പാർക്ക് ചെയ്താലുടൻ ഫീസ് ഈടാക്കാറുണ്ടെന്ന് രാജു വാഴക്കാല കമ്മിഷനെ അറിയിച്ചു.