നിപ സമ്പർക്കപ്പട്ടികയിൽ 425 പേർ , പ്രദേശത്ത് പനി സർവൈലൻസ് നടത്താൻ നിർദേശം

Saturday 05 July 2025 7:46 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ ഉള്ളതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേർ ഐ.സി.യു ചികിത്സയിലുണ്ട്. സമ്പർക്കപ്പട്ടികയിലുള്ള ഒരാൾ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാൾ ഐസൊലേഷനിൽ ചികിത്സയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവർത്തകർ സമ്പർക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയിൽ സമ്പർക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവർത്തകരാണ്

പ്രദേശത്ത് പനി സർവൈലൻസ് നടത്താൻ നിർദേശം നൽകി. മാനസിക പിന്തുണ ഉറപ്പാക്കണം. പാലക്കാട് സമ്പർക്കപ്പട്ടികയിലുള്ളവരെ അവിടെ തന്നെ ഐസൊലേറ്റ് ചെയ്യണം. സാമ്പിളുകൾ മാത്രം പരിശോധനയ്ക്ക് അയച്ചാൽ മതിയാകും. നിപ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തേയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കനിവ് 108 ഉൾപ്പെടെയുള്ള ആംബുലൻസുകൾ സജ്ജമാണ്. ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു