കെ.എസ്.ഇ.ബിയോട് റെഗുലേറ്ററി കമ്മിഷൻ: ശമ്പളം കൂട്ടിയതിന്റെ പേരിൽ വൈദ്യുതി നിരക്ക് കൂട്ടാനാവില്ല

Sunday 06 July 2025 1:21 AM IST

തിരുവനന്തപുരം: സർക്കാരിന്റെ അനുമതി ഇല്ലാതെ ജീവനക്കാരുടെ ശമ്പളം കൂട്ടിയതുമൂലമുള്ള അധികചെലവ് കണ്ടെത്താൻ വൈദ്യുതി നിരക്ക് കൂട്ടാനാവില്ലെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ.

സർക്കാരിന്റെ അംഗീകാരം വാങ്ങിയശേഷം മാത്രമേ വിഷയം പരിഗണിക്കാൻ കഴിയുകയുള്ളൂവെന്നും രണ്ടുമാസത്തിനുള്ളിൽ അംഗീകാരം നേടണമെന്നും കമ്മിഷൻ ഉത്തരവിട്ടു.

2023-24വർഷത്തെ വരവ് ചെലവ് കണക്ക് അംഗീകരിച്ചുകിട്ടാൻ സമർപ്പിച്ച അപേക്ഷയിൻമേലുള്ള ഉത്തരവിലാണ് കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ശമ്പളം അടക്കം പല ഇനങ്ങളിലായി 731.22കോടിയുടെ നഷ്ടമുണ്ടെന്നും ഇത് നികത്താൻ താരിഫ് പരിഷ്ക്കരണത്തിന് അനുവദിക്കണമെന്നുമാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. 236.93കോടിയുടെ നഷ്ടം മാത്രമാണ് കമ്മിഷൻ അംഗീകരിച്ചത്.

ശമ്പളം കൂട്ടുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന് ഉത്തരവുള്ളതാണ്.അത് കണക്കിലെടുക്കാതെയാണ് സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങി കഴിഞ്ഞ രണ്ടുതവണയും ശമ്പളം കുത്തനെ ഉയർത്തിയത്.

ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത് ഉടൻ നിയമനം നടത്തണമെന്ന കെ.എസ്.ഇ.ബിയിലെ അംഗീകൃത സംഘടനയായ സി.ഐ.ടി.യു നൽകിയ അപേക്ഷയും കമ്മിഷൻ നിരസിച്ചു.

ശമ്പളത്തിന്റെ അധിക ചെലവ്

7.93 കോടി രൂപ മാത്രമെന്ന്

# കെ.എസ്.ഇ.ബിയിൽ 30000 ജീവനക്കാർ വരെയാകാം. നിലവിൽ 27000പേരേയുള്ളൂ. അതുമൂലം ശമ്പളത്തിനായി അനുവദിച്ച തുകയിൽ 7.93 കോടി രൂപ മാത്രമാണ് ശമ്പളപരിഷ്ക്കരണത്തിന്റെ പേരിൽ അധിക ചെലവ് വരുന്നതെന്നും അത് വകവച്ചുതരണമെന്നും കെ.എസ്.ഇ.ബി വാദിച്ചു. ഇത് കമ്മിഷൻ തള്ളി.

# 9.52% പലിശനിരക്കിൽ കിഫ്ബിയിൽ നിന്ന് 2091.68 കോടി രൂപ വായ്പയെടുത്തതിനെയും കമ്മിഷൻ വിമർശിച്ചു. ഇത് കെ.എസ്.ഇ.ബി.ക്ക് 21.33 കോടി രൂപയുടെ നഷ്ടം വരുത്തുന്നുണ്ടെന്നും അത് താരിഫിൽ ഈടാക്കേണ്ടിവരുന്നത് ശരിയല്ലെന്നും കമ്മിഷൻ പറഞ്ഞു. പരമാവധി 8.50% നിരക്കിൽ വായ്പയെടുത്ത് കിഫ്ബി വായ്പ തിരിച്ചടയ്ക്കാനും കമ്മിഷൻ നിർദ്ദേശിച്ചു.

സോളാർ വൈദ്യുതി

200 മെഗാവാട്ടും വാങ്ങണം

യൂണിറ്റിന് 2.82രൂപനിരക്കിൽ സോളാർ എനർജി കോർപറേഷനിൽ നിന്ന് 200 മെഗാവാട്ട് വാങ്ങാൻ കരാറൊപ്പിട്ടെങ്കിലും കേവലം 75മെഗാവാട്ട് മാത്രമാണ് കെ.എസ്.ഇ.ബി വാങ്ങുന്നത്. പകരം യൂണിറ്റിന് എട്ടു രൂപയിൽ കൂടുതൽ കൊടുത്ത് പുറത്തുനിന്ന് വാങ്ങുകയാണ്.

ഇത് വൻ നഷ്ടമുണ്ടാക്കുമെന്നും അതിന്റെ ബാദ്ധ്യത ഉപഭോക്താക്കൾ ചുമക്കേണ്ടിവരുന്നത് ശരിയല്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. കരാറിൽ പറയുന്ന നിരക്കിൽ ശേഷിക്കുന്ന 125 മെഗാവാട്ടും വാങ്ങിയെടുക്കാൻ കമ്മിഷൻ ഉത്തരവിട്ടു. ആറുവർഷം മുമ്പാണ് കരാറൊപ്പിട്ടത്. അന്നുമുതൽ 75 മെഗാവാട്ട് മാത്രമാണ് വാങ്ങുന്നത്.