ചരിത്രം കുറിച്ച് നീരജ് ചോപ്ര; എൻ സി ക്ലാസിക്കിൽ ഒന്നാമത്തെത്തി താരം

Saturday 05 July 2025 9:33 PM IST

ബംഗളൂരു: ജാവലിൻ ത്രോയിൽ ചരിത്രം രചിച്ച് നീരജ് ചോപ്ര. നീരജ് ചോപ്രയുടെ പേരിൽ രാജ്യം ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര ജാവലിൻ (എൻ.സി ക്ലാസിക്) മത്സരത്തിൽ നീരജ് തന്നെ ഒന്നാമത്തെത്തി. 86.18 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ഒന്നാമതെത്തിയത്.

കെനിയയുടെ ജൂലിയൻ യെഗോ രണ്ടാമതും ലങ്കൻ താരം രുമേഷ് പതിരഗെ മൂന്നാമതുമായി. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി ഏഴ് മുതലാണ് മത്സരം തുടങ്ങിയത്. മേയ് 24ന് ബംഗളൂരുവിൽ നടത്താനിരുന്ന എൻ .സി ക്ലാസിക് ഇന്ത്യ - പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്നത്തേക്ക് മാറ്റിയത്.

ഫൗൾ ത്രോയോടെ ആയിരുന്നു നീരജിന്റെ തുടക്കം. രണ്ടാം ശ്രമത്തിൽ 82.99 മീറ്റർ ദൂരം എറിഞ്ഞ് നീരജ് മുന്നിലെത്തി. എന്നാൽ ലങ്കൻ ജാവലിൻ ത്രോ താരം രുമേഷ് പതിരഗെ 84.34 മീറ്റർ ദൂരം എറിഞ്ഞ് നീരജിനെ മറികടന്നു. 86.18 മീറ്റർ ദൂരം എറിഞ്ഞ് നീരജ് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.