സെക്രട്ടറിയേറ്റിൽ ചേര, ജീവനക്കാർ ഓടി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ നിന്ന് ഇന്നലെ രാവിലെ ചേരയെ പിടികൂടി. നോർത്ത് സാൻഡ്‌വിച്ച് ബ്ലോക്കിലെ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സി വിഭാഗം ഓഫിസ് കാബിനിൽ നിന്നാണ് രണ്ടു മീറ്ററോളം നീളമുള്ള കറുത്ത നിറത്തിലുള്ള ചേരയെ പിടികൂടിയത്.
രാവിലെ കാബിൻ വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് ഷെൽഫിലൂടെ ചേര ഇഴയുന്നത് കണ്ടത്. പാമ്പാണെന്ന് കരുതി ജീവനക്കാർ പുറത്തേക്കോടി. മറ്റു ജീവനക്കാരെത്തിപരിശോധന നടത്തുന്നതിനിടെ ചേര മേശയ്ക്കടിയിലേക്ക് വലിഞ്ഞു. ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ നിന്ന് അറിയിച്ചതനുസരിച്ച് സർപ്പ വോളന്റിയറായ നിഖിൽ സിംഗ് എത്തി ചേരയെ ചാക്കിലാക്കി. പഴയ നിയമസഭ ഹാളിന് സമീപം ലൈബ്രറി പ്രവർത്തിച്ചിരുന്നിടത്താണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സി ഓഫിസ്.
മുമ്പ് മൂന്നു തവണ സെക്രട്ടേറിയറ്റിൽ നിന്ന് പച്ചിലപ്പാമ്പിനെ പിടികൂടിയിരുന്നു. ജലവിഭവ വകുപ്പിന്റെ ഓഫിസിൽ നിന്ന് രണ്ടു തവണയും ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ നിന്ന് ഒരുതവണയുമാണ് പാമ്പിനെ പിടികൂടിയത്. ജലവിഭവ വകുപ്പിന്റെ ഓഫിസിന് പുറകുവശം കാടുപിടിച്ചു കിടക്കുകയാണ്. ഇവിടെ നിന്നാകാം ചേര എത്തിയതെന്നാണ് കരുതുന്നത്. കാട് വെട്ടിത്തെളിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.